7,623 കോടിയുടെ ബാങ്ക് തട്ടിപ്പ് ; മുൻ റിലയൻസ് ഫിനാൻസ് സിഇഒമാരെ സിബിഐ അറസ്റ്റ് ചെയ്തു

ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സിഇഒമാരെ സിബിഐ അറസ്റ്റ് ചെയ്തു. റിലയൻസ് കൊമേഴ്‌സൽ ഫിനാൻസ് ലിമിറ്റഡ് (RCFL) , റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (RHFL) എന്നീ കമ്പനികളുടെ മുൻ സിഇഒമാരാണ് അറസ്റ്റിലായത്. വിവിധ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് 7,623 കോടി രൂപ ഇവർ തട്ടിയെടുത്തെന്നാണ് ആരോപണം.

 

 ഡൽഹി: ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സിഇഒമാരെ സിബിഐ അറസ്റ്റ് ചെയ്തു. റിലയൻസ് കൊമേഴ്‌സൽ ഫിനാൻസ് ലിമിറ്റഡ് (RCFL) , റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (RHFL) എന്നീ കമ്പനികളുടെ മുൻ സിഇഒമാരാണ് അറസ്റ്റിലായത്. വിവിധ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് 7,623 കോടി രൂപ ഇവർ തട്ടിയെടുത്തെന്നാണ് ആരോപണം.

ദേവംഗ് മോദി, രവീന്ദ്ര സുധൽക്കർ എന്നിവർക്കെതിരെ രണ്ട് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആർസിഎഫ്എൽ കേസിൽ 13 പൊതുമേഖലാ ബാങ്കുകൾക്ക് 4097 കോടി രൂപയുടെയും അർഎച്ച്എഫ്എൽ കേസിൽ 10 പൊതുമേഖലാ ബാങ്കുകൾക്ക് 3526 കോടി രൂപയുടെയും നഷ്ടം ഇവർ ഉണ്ടാക്കി എന്നാണ് സിബിഐ പറയുന്നത്. ഏപ്രിൽ 2017നും ഡിസംബർ 2018നും ഇടയിലുള്ള കാലത്താണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്.

രണ്ട് പ്രതികളും ആർബിഐ മാർഗനിർദേശങ്ങൾക്കും പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പകൾ അനുവദിക്കുന്ന വ്യവസ്ഥകൾക്കും വിരുദ്ധമായി കമ്പനികൾക്ക് വായ്പകൾ എടുക്കാൻ അനുമതി നൽകി എന്ന് സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി.

ആർസിഎഫ്എല്ലും ആർഎച്ച്എഫ്എല്ലും കടമെടുത്ത പണം ഇവർ മറ്റ് റിലയൻസ് സ്ഥാപനങ്ങളിലേക്ക് വകമാറ്റി പണം തട്ടിയെന്നാണ് ആരോപണം. അതേസമയം തങ്ങൾക്കുണ്ടായ നഷ്ടത്തിൽ പൊതുമേഖലാ ബാങ്കുകൾ വിവിധ റിലയൻസ് സ്ഥാപനങ്ങൾക്കെതിരായി പരാതി നൽകിയിട്ടുണ്ട്. ഇതിൽ ഏഴ് എഫ്‌ഐആറുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ചേർത്ത 16 പേരെ സിബിഐ അറസ്റ്റ് ചെയ്തു.