വിവാഹച്ചടങ്ങിന് ഭക്ഷണം എത്തിക്കാമെന്ന് ഉറപ്പ് നല്‍കി പണം വാങ്ങി തട്ടിപ്പ് ; കാറ്ററിങ് ഉടമ കസ്റ്റഡിയിൽ

വിവാഹച്ചടങ്ങിന് ഭക്ഷണം എത്തിക്കാമെന്ന് ഉറപ്പ് നല്‍കി പണം വാങ്ങി തട്ടിപ്പ് നടത്തിയ കാറ്റിങ് സ്ഥാപന ഉടമ പൊലീസ് കസ്റ്റഡിയില്‍. കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉദയം കാറ്ററിങ് ആന്‍ഡ് ഇവന്റ്‌സ് ഉടമ വിഷ്ണു മോഹനാണ് കോട്ടയം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലുള്ളത്.

 

 കോട്ടയം: വിവാഹച്ചടങ്ങിന് ഭക്ഷണം എത്തിക്കാമെന്ന് ഉറപ്പ് നല്‍കി പണം വാങ്ങി തട്ടിപ്പ് നടത്തിയ കാറ്റിങ് സ്ഥാപന ഉടമ പൊലീസ് കസ്റ്റഡിയില്‍. കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉദയം കാറ്ററിങ് ആന്‍ഡ് ഇവന്റ്‌സ് ഉടമ വിഷ്ണു മോഹനാണ് കോട്ടയം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിളിച്ചുവരുത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

വിവാഹങ്ങള്‍ക്ക് ഭക്ഷണം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം പണം വാങ്ങി ഭക്ഷണം എത്തിക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതിക്കെതിരെ നിലവില്‍ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോട്ടയം ഈസ്റ്റ്, മുണ്ടക്കയം പൊലീസ് സ്റ്റേഷനുകളിലും എറണാകുളം കുന്നതുനാട് പൊലീസ് സ്റ്റേഷനിലുമാണ് കേസുകളുള്ളത്. ബിഎന്‍എസ് 316, 318 ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഇക്കഴിഞ്ഞ സെപ്തംബര്‍ 13ന് മുണ്ടക്കയം, കഞ്ഞിക്കുഴി, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ വിവാഹങ്ങള്‍ക്ക് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ പണം വാങ്ങിയത്. എന്നാല്‍ കൃത്യസമയത്ത് ഭക്ഷണം എത്തിക്കാതെ വിശ്വാസവഞ്ചന കാട്ടിയെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്.