സർക്കാർ ജുവനൈൽ ഹോമിൽ 12കാരന് ലൈംഗിക പീഡനം;  കെയർ ടേക്കർ അറസ്റ്റിൽ

സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ജുവനൈൽ ഹോമിലെ അന്തേവാസിയായ കുട്ടിയെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കെയർടേക്കർ അറസ്റ്റിൽ.

 

കോഴിക്കോട്: സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ജുവനൈൽ ഹോമിലെ അന്തേവാസിയായ കുട്ടിയെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കെയർടേക്കർ അറസ്റ്റിൽ. കോഴിക്കോട് ചെലവൂർ സ്വദേശിയായ പാറങ്ങോട്ട് വീട്ടിൽ അയൂബി(56)നെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിൽ കഴിഞ്ഞിരുന്ന പന്ത്രണ്ടുകാരനെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. 

പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തെന്ന് മനസ്സിലാക്കിയ ഇയാൾ ദിവസങ്ങൾക്ക് മുൻപ് ഒളിവിൽ പോയിരുന്നു. തുടർന്ന് അയൂബിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ഇയാൾ കോടതി മുമ്പാകെ കീഴടങ്ങുകയായിരുന്നു. അയൂബിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ജുവനൈൽ ഹോമിൽ കെയർടേക്കറായ ഇയാൾ കുട്ടിയെ സ്ഥാപനത്തിൽ വച്ച് പലതവണ പ്രകൃതിവിരുദ്ധ ലൈംഗീകപീഡനത്തിന് ഇരയാക്കുകയായിരുന്നു. സ്ഥാപനത്തിലെ മറ്റ് കുട്ടികളെ ഇത്തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ടോ എന്നുള്ളകാര്യത്തിലുൾപ്പെടെ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.