ചെന്നൈയിൽ പതിനെട്ടുകാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം ; മൂന്ന് പേർ അറസ്റ്റിൽ

 

 ചെന്നൈ: ബാറിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ചെന്നൈയിലാണ് സംഭവം. വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർത്ഥിയായ യാൻസിയാണ് കൊല്ലപ്പെട്ടത്. പതിനെട്ട് വയസായിരുന്നു പെൺകുട്ടിയുടെ പ്രായം. യാൻസിക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന പതിനേഴുകാരിക്ക് പരിക്കേറ്റു. സംഭവത്തിൽ ബാലമുരുകൻ (21), ജോഷ്വ (19), കിഷോർ കുമാർ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു സ്വകാര്യ ബാറിലാണ് സംഭവങ്ങളുടെ തുടക്കം. യാൻസിയും സുഹൃത്തുക്കളും നൃത്തം ചെയ്തപ്പോൾ അവിടെയുണ്ടായിരുന്ന മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ ബൗൺസേഴ്‌സ് ഇടപെട്ടാണ് പ്രശ്‌നം പരിഹസിച്ചത്. ബാറിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം തുടർന്നു. കയ്യാങ്കളിയായതോടെ ബൗൺസേഴ്‌സ് വീണ്ടും ഇടപെട്ടു. ഇതിന് ശേഷം രണ്ട് സംഘത്തിലുള്ളവരും അവിടെ നിന്ന് മടങ്ങി.

യാൻസിയും സുഹൃത്തുക്കളും ഇരുചക്രവാഹനങ്ങളിലാണ് ബാറിൽ നിന്ന് മടങ്ങിയത്. എതിർസംഘത്തിലുണ്ടായിരുന്ന യുവാക്കളുടെ യാത്ര കാറിലായിരുന്നു. വഴിയിൽവെച്ച് യാൻസിയും സുഹൃത്തുക്കളും യുവാക്കളുടെ കാർ കാണുകയും അതിന് നേരെ കല്ലെറിയുകയും ചെയ്തു. യുവാക്കൾ കാറിൽ അവരെ പിന്തുടരുകയും യാൻസിയും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയുമായിരുന്നു. റോഡിൽ തെറിച്ചുവീണ യാൻസി സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് സാരമായ പരിക്കേറ്റു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതിനിടെ തർക്കമുണ്ടായ ചെന്നൈയിലെ സ്വകാര്യ ബാർ പൊലീസ് പൂട്ടിച്ചു. പതിനെട്ട് വയസിന് താഴെയുള്ളവർക്ക് പ്രവേശനം അനുവദിച്ചതിനാണ് നടപടി. കൊലപാതകത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.