തലശ്ശേരിയിൽ വീട് കുത്തിത്തുറന്ന് മോഷണം
തലശ്ശേരി: ചിറക്കര അയ്യലത്ത് സ്കൂളിന് സമീപം വീട്ടിൽ മോഷണം. കുഞ്ഞിപ്പുരയിൽ റാബിയയും കുടുംബവും വാടകക്ക് താമസിക്കുന്ന സച്ചി നിവാസ് എന്ന വീട്ടിലാണ് മോഷണം നടന്നത്. 16 പവൻ സ്വർണവും 7000 രൂപയും നഷ്ടപ്പെട്ടതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായി. റാബിയയും സഹോദരങ്ങളും മക്കളുമാണ് വീട്ടിൽ താമസം. കഴിഞ്ഞദിവസം രാത്രി ഇവർ സമീപത്തെ ബന്ധുവീട്ടിലായിരുന്നു.
ഞായറാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. പിറകുവശത്തെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ ആൾത്താമസമില്ലാത്ത വീട്ടിൽ മോഷണ ശ്രമവും നടന്നു. കഴിഞ്ഞ മാസം ഗവ. അയ്യലത്ത് യു.പി സ്കൂളിലും മോഷണം നടന്നിരുന്നു. പണമാണ് ഇവിടെനിന്ന് മോഷ്ടിച്ചത്. മോഷ്ടാവിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.