ക്രിക്കറ്റ് കളിക്കിടെ അബദ്ധത്തിൽ പന്ത് യുവതിയുടെ ദേഹത്ത് തട്ടി ; വിദ്യാർത്ഥികളെ കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതച്ച് നാട്ടുകാർ
കർണാടകയിലെ ബാഗൽകോട്ടിൽ കളിക്കിടെ അബദ്ധത്തിൽ പന്ത് യുവതിയുടെ ദേഹത്ത് തട്ടിയതിന് രണ്ട് വിദ്യാർത്ഥികളെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. പന്ത് ദേഹത്ത് കൊണ്ടെന്ന് യുവതി പരാതിപ്പെട്ടതിന് പിന്നാലെ പ്രകോപിതരായ ചില നാട്ടുകാർ കുട്ടികളെ പിടികൂടി സ്കൂളിലെ ജനാലയിൽ കയറുകൊണ്ട് കെട്ടിയിടുകയായിരുന്നു. തുടർന്ന് ചെരിപ്പും വടികളും ഉപയോഗിച്ച് വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതച്ചു. കുട്ടികളെ കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
മർദനം ദയനീയമായി തുടരുന്നത് കണ്ട മറ്റു ചില നാട്ടുകാരാണ് ഒടുവിൽ കുട്ടികളെ അക്രമികളിൽ നിന്ന് രക്ഷപ്പെടുത്തുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തത്. സംഭവത്തിൽ ക്രൂരത കാട്ടിയ സമീപവാസികളായ മൂന്ന് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ സാരമായി പരുക്കേറ്റ വിദ്യാർത്ഥികൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കർശന നടപടിയുണ്ടാകുമെന്നും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.