പെരുമ്പിലാവിലെ ബാറിൽ തർക്കത്തെത്തുടർന്ന് യുവാക്കൾക്ക് നേരെ ക്രൂര ആക്രമണം

കുന്നംകുളം പെരുമ്പിലാവിലെ കെ.ആർ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാക്കൾക്ക് നേരെ ക്രൂരമായ ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ
 

 തൃശൂർ: കുന്നംകുളം പെരുമ്പിലാവിലെ കെ.ആർ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാക്കൾക്ക് നേരെ ക്രൂരമായ ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ ചാലിശേരി സ്വദേശി വിഷ്ണുവിന്റെ (30) പുറത്ത് ബിയർ കുപ്പി കൊണ്ട് കീറിയ ആഴത്തിലുള്ള മുറിവേറ്റു. 37 തുന്നലുകളാണ് വിഷ്ണുവിന് ഇടേണ്ടി വന്നത്. വിഷ്ണുവിനെ കൂടാതെ വൈഷ്ണവ് (25), വിജിൽ (29) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി 10.30-ഓടെയാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. 

ലിഷോയ് (അപ്പു), നിഖിൽ (ചാപ്പു), ബാദുഷ (മോനായി), അർഷാദ് ന്നിവർ ചേർന്നാണ് യുവാക്കളെ ആക്രമിച്ചത്. ഇവർ കുന്നംകുളം സ്വദേശിയായ അക്ഷയ് എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൂടിയാണ്. കുന്നംകുളം, ചങ്ങരംകുളം പൊലീസ് സ്റ്റേഷനുകളിലെ സാമൂഹ്യവിരുദ്ധരുടെ പട്ടികയിൽ ഉൾപ്പെട്ടവരാണ് ഇവർ. പ്രതികൾക്കായി കുന്നംകുളം പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.