മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പ്രിയങ്ക ഗാന്ധി എം.പി.യുടെ ഓഫിസിന്റെ പേരിൽ കോഴ വാങ്ങാൻ ശ്രമം : കേസെടുത്ത് പൊലീസ്
കൽപ്പറ്റ: മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പ്രിയങ്ക ഗാന്ധി എം.പി.യുടെ ഓഫിസിന്റെ പേരിൽ കോഴ വാങ്ങാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാറിന്റെ പരാതിയിലാണ് വയനാട് എസ്.പി.യും പൊലീസ് മേധാവിയും നടപടിയെടുത്തത്.
രാജ്കുമാറിന്റെ പേരിൽ വ്യാജ ഫോൺ നമ്പർ ഉപയോഗിച്ച് വിദ്യ ബാലകൃഷ്ണൻ എം.എൽ.എ., എം.പി.മാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവരെ ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ് ശ്രമം. സംസ്ഥാന മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം ഉറപ്പാക്കാമെന്നും വിശ്വസിപ്പിച്ചായിരുന്നു പ്രതികൾ ജനപ്രതിനിധികളെ ഫോണിൽ വിളിച്ചത്. എം.പി. ഓഫിസിന്റെ വ്യാജേന നടന്ന ഈ സാമ്പത്തിക തട്ടിപ്പ് ശ്രമത്തിനെതിരെ ശക്തമായ അന്വേഷണമാണ് പൊലീസ് ആരംഭിച്ചിരിക്കുന്നത്.
വയനാട് എം.പി പ്രിയങ്കഗാന്ധിയുടെ ഡൽഹിയിലെ ഓഫിസിൽനിന്ന് എന്നുപറഞ്ഞ് ജുലൈ ആറിനായിരുന്നു എലത്തൂർ എം.എൽ.എ. വിദ്യാ ബാലകൃഷ്ണന് ഫോൺകോൾ ലഭിച്ചത്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ വരുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നുമായിരുന്നു വാഗ്ദാനം. വിദ്യയുടെ പരാതിയിലും കോഴിക്കോട് സൈബർ സെൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
രാജ്‌കുമാറാണെന്നാണ് വിളിച്ചയാൾ പരിചയപ്പെടുത്തിയത്. ഇംഗ്ലീഷിലായിരുന്നു സംസാരം. ജില്ലയിലെ ഒരു എം.പി.യാണ് ഫോൺ നമ്പർ തന്നതെന്ന് പറഞ്ഞു. വിളിയിൽ സംശയം തോന്നിയ എം.എൽ.എ, വിവരങ്ങൾ ലഭിക്കാൻ പണം തരാമെന്ന് വാഗ്ദാനം ചെയ്തു. പിന്നാലെ, ഫോൺ നമ്പർ നൽകിയെന്ന് പറഞ്ഞ എം.പി.യെ കാര്യങ്ങൾ അറിയിച്ചു. പാർട്ടി ആസ്ഥാനത്തുനിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചിരുന്നുവെന്നും ജില്ലയിലെ രണ്ട് എം.എൽ.എമാരുടെ ഫോൺ നമ്പർ വാങ്ങിയിരുന്നെന്നും അവർ പറഞ്ഞു.
തുടർന്ന് എം.പിയും എം.എൽ.എയും പാർട്ടി ആസ്ഥാനവുമായും പ്രിയങ്ക ഗാന്ധിയുടെ ഓഫിസുമായും ബന്ധപ്പെട്ടു. തങ്ങൾ അങ്ങനെ വിളിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ ശനിയാഴ്ച സൈബർ സെല്ലിൽ പരാതി നൽകി. ഡൽഹിയിൽ നിന്നാണ് വിളി വന്നതെന്ന് സൈബർ സെൽ സ്ഥിരീകരിച്ചിട്ടുണ്ട്.