പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കാൻ യുവാവിനെ തലയറുത്ത് കൊന്ന് പൂജാമുറിയിൽ കുഴിച്ചിട്ടു ; പ്രതി പിടിയിൽ
ഒഡീഷയിൽ പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി ക്രൂരമായ കൊലപാതകം. അന്യസംസ്ഥാനക്കാരനായ സന്തോഷ് ഖർസെൽ (45) എന്നയാളെയാണ് ദുർമന്ത്രവാദത്തിന്റെ ഭാഗമായി തലയറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം വെട്ടിയെടുത്ത തല പ്രതി സ്വന്തം വീടിന്റെ പൂജാമുറിയിൽ കുഴിച്ചിടുകയായിരുന്നു. സംഭവത്തിൽ തേബദമുണ്ഡ ഗ്രാമവാസിയായ ശത്രുഘ്ന സാഹു (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് 18 മുതൽ കാണാതായ സന്തോഷിന്റെ തലയില്ലാത്ത മൃതദേഹം ഓഗസ്റ്റ് 21-നാണ് ബഗഡ ഗ്രാമത്തിലെ കുളത്തിൽ നിന്ന് കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സന്തോഷിനെ അവസാനമായി കണ്ടത് ശത്രുഘ്ന സാഹുവിനൊപ്പമാണെന്ന് പോലീസിന് വിവരം ലഭിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ആദ്യം മദ്യപാനത്തിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പറഞ്ഞതെങ്കിലും പിന്നീട് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് ദുർമന്ത്രവാദ വിവരം പുറത്തുവന്നത്.
മൂന്ന് വർഷം മുൻപ് തന്ന ഉപേക്ഷിച്ചുപോയ ഭാര്യയെ തിരിച്ചുകിട്ടാൻ വേണ്ടിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പ്രതി സമ്മതിച്ചു. യാതൊരു മുൻപരിചയവുമില്ലാത്ത സന്തോഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് സാഹു കൊലപ്പെടുത്തിയത്. തെളിവെടുപ്പിനിടെ പ്രതിയുടെ വീട്ടിലെ പൂജാമുറിയിൽ നിന്ന് കൊല്ലപ്പെട്ടയാളുടെ തലയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് വീണ്ടെടുത്തു.