ബിഹാറിൽ ഇരുപത്തിയഞ്ഞുകാരിയായ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

 

 ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് ഇരുപത്തിയഞ്ഞുകാരിയായ ഭാര്യയെ ഭർത്താവ് ക്രൂരമായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഗർകട്ടി ഗ്രാമത്തിനടുത്തുള്ള തോട്ടത്തിലെ മാവിൻ കൊമ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഹേമലത കുമാരി എന്ന യുവതിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാനുള്ള ഭർത്താവ് ഗൗതമിന്റെ ആസൂത്രിത നാടകമാണ് പോലീസ് പൊളിച്ചത്. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി നടത്തിയ ശാസ്ത്രീയമായ പരിശോധനയിലാണ് ഇത് കൊലപാതകമാണെന്ന വ്യക്തമായ സൂചനകൾ പോലീസിന് ലഭിക്കുന്നത്. തുടർന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി ഗൗതം തന്റെ ക്രൂരകൃത്യം പോലീസിനോട് സമ്മതിക്കുകയായിരുന്നു.

ഭാര്യയുമായി ഉണ്ടായ കടുത്ത തർക്കത്തിനൊടുവിൽ ഹേമലതയെ ക്രൂരമായി മർദ്ദിച്ച ഗൗതം, തൊട്ടടുത്തുള്ള കരിമ്പ് തോട്ടത്തിൽ കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം കുറച്ചുസമയം മൃതദേഹം കരിമ്പ് തോട്ടത്തിൽ ഒളിപ്പിച്ചു വെച്ചു. പിന്നീട് രാത്രിയോടെ ആരും കാണാതെ മൃതദേഹം ചുമലിലേറ്റി കൊണ്ടുവന്ന് മാവിൻ കൊമ്പിൽ കെട്ടിത്തൂക്കുകയായിരുന്നു. കൊല്ലപ്പെട്ട ഹേമലതയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ സ്ത്രീധന പീഡനത്തിനും കൊലപാതകത്തിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തു.