ഭോപ്പാലിൽ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി ; സഹോദരിമാരടക്കം മൂന്ന് പേർ പിടിയിൽ
ഭോപ്പാൽ: ജോലി വാഗ്ദാനം ചെയ്ത് യുവതികളെ വലയിലാക്കി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ സഹോദരിമാരടക്കം മൂന്ന് പേർ പിടിയിലായി. അമ്രീൻ, അഫ്രീൻ എന്നീ സഹോദരിമാരെയും ഇവരുടെ സഹായി ചന്ദൻ യാദവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട ബിലാൽ, ചിന്നു, യാസിർ എന്നിവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. പ്രതിമാസം 10,000 രൂപ ശമ്പളവും ഭക്ഷണവും താമസവും വാഗ്ദാനം ചെയ്താണ് ഇവരെ ജോലിക്ക് എത്തിക്കുന്നത്. തുടർന്ന് പാർലറുകളിലും പബ്ബുകളിലും വെച്ച് സമ്പന്നരായ പുരുഷന്മാരുമായി ഇടപഴകാൻ ഇവരെ നിർബന്ധിക്കും. എതിർക്കുന്നവർക്ക് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചിരുന്നതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. തട്ടിപ്പിനിരയായ രണ്ട് യുവതികൾ നൽകിയ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്.
ബ്യൂട്ടീഷനായി ജോലി ചെയ്തിരുന്ന യുവതിയെ 2025 ഡിസംബറിൽ അഹമ്മദാബാദിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് അമ്രീന്റെ ബന്ധുവായ യാസിർ ബലാത്സംഗം ചെയ്യുകയുമായിരുന്നു. അമ്രീന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന യുവതിയെ സഹായിയായ ചന്ദൻ യാദവ് പീഡിപ്പിക്കുകയും മതം മാറാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികളുടെ ഫോണിൽ നിന്ന് നിർണ്ണായകമായ ഫോട്ടോകളും രേഖകളും പൊലീസ് കണ്ടെടുത്തു. സംഘത്തിന് മറ്റ് സംസ്ഥാനങ്ങളുമായി ബന്ധമുണ്ടോയെന്നും കൂടുതൽ യുവതികൾ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്. നിർബന്ധിത മതപരിവർത്തനം, ബലാത്സംഗം, ലൈംഗിക ചൂഷണം തുടങ്ങിയ ഗൗരവകരമായ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.