തിരുനെല്ലിയിൽ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
തിരുനെല്ലിയിൽ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. എംഡി അസ്ലം (27) നെയാണ് തിരുനെല്ലി പൊലീസ് പിടികൂടിയത്. ബാവലി പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. പൊലീസിനെ കണ്ട് പരിഭ്രമിച്ചപ്പോൾ തടഞ്ഞു നിർത്തി പരിശോധിച്ചതിലാണ് പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ പൊതിയിൽ 50 ഗ്രാം കഞ്ചാവ് കണ്ടെടുക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അതേസമയം, എറണാകുളം ചേരാനെല്ലൂരിൽ വൻ രാസലഹരി വേട്ട നടത്തി പൊലീസ്. 120 ഗ്രാം എംഡിഎംഎയും ഒരു കിലോ കഞ്ചാവും പിടികൂടി. കൊല്ലം പുനലൂർ സ്വദേശി കൃഷ്ണകുമാർ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായി. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വയനാട് സുല്‍ത്താന്‍ ബത്തേരിയിൽ എംഡിഎംഎയും കഞ്ചാവുമായി പത്തനംതിട്ട സ്വദേശി പിടിയില്‍. മുല്ലശ്ശേരി കുമ്പഴ ഹരികൃഷ്ണനെയാണ് ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. മുത്തങ്ങയില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കാറില്‍ കർണാടകയിലെ ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്നു. പാന്‍റിന്‍റെ പോക്കറ്റില്‍ നിന്ന് 0.46 ഗ്രാം എംഡിഎംഎയും 2.38 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.