ബിയർ കുപ്പിക്ക് എംആർപിയെക്കാൾ 10 രൂപ അധികം ഈടാക്കി ; കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന് പിഴ ചുമത്തി ഉപഭോക്തൃ കോടതി
ബിയർ കുപ്പിക്ക് എംആർപിയെക്കാൾ 10 രൂപ അധികം ഈടാക്കിയ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന് ഉപഭോക്തൃ കോടതി പിഴ ചുമത്തി. പരാതിക്കാരനായ ഉപഭോക്താവിന് 25,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാനാണ് പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്.
എംആർപിയേക്കാൾ കൂടുതൽ തുക ഈടാക്കുന്നത് അന്യായമായ വ്യാപാര രീതിയും സേവനത്തിലെ പോരായ്മയുമാണെന്ന് നിരീക്ഷിച്ചാണ് കമ്മീഷൻ ഉത്തരവിട്ടത്. കമ്മീഷൻ പ്രസിഡന്റ് ജോർജ്ജ് ബേബി, മെമ്പർ നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിപണിയിൽ നിലനിൽക്കുന്ന ഇത്തരം തെറ്റായ പ്രവണതകൾ മാറ്റുന്നതിനായി എതിർകക്ഷിയിൽ നിന്ന് കൃത്യമായ നഷ്ടപരിഹാരം ഈടാക്കേണ്ടതുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി.
റാന്നി പെരുനാട് സ്വദേശിയായ ആകാശ് പെരുനാട്ടിലെ ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്നും ഒരു കുപ്പി ബിയർ വാങ്ങിയിരുന്നു. കുപ്പിയിൽ രേഖപ്പെടുത്തിയിരുന്ന എംആർപി 170 രൂപ ആയിരുന്നിട്ടും ഔട്ട്‌ലെറ്റിൽ നിന്നും ഇദ്ദേഹത്തിൽ നിന്ന് ഈടാക്കിയത് 180 രൂപയായിരുന്നു. കമ്പ്യൂട്ടർ ബില്ലിലും 180 രൂപ തന്നെയാണ് കാണിച്ചിരുന്നത്.