വയോധികയെ കഴുത്തുഞെരിച്ച് കൊന്ന കേസിലെ പ്രതി അറസ്റ്റിൽ
ബദിയഡുക്ക: കുംബഡാജെ മൗവ്വാർ അജിലയിൽ വീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന പുഷ്പലത വി. ഷെട്ടിയെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാടുവെട്ട് യന്ത്രം ഉപയോഗിച്ച് ജോലി ചെയ്യുന്ന ബദിയടുക്ക പെർഡാല സ്വദേശിയായ പരമേശ്വര എന്ന രമേശ് നായിക് (47) ആണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊല്ലപ്പെട്ട സ്ത്രീയുടെ കടിയേറ്റ മുറിവ് പ്രതിയുടെ വലതുകൈയിലുണ്ട്. ഇതാണ് അറസ്റ്റിന് നിർണയകമായത്. പോസ്റ്റ്മോർട്ടത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മുഖത്തും പല്ലിലും രക്തക്കറ ഉണ്ടായിരുന്നു. ഇതാണ് മരണം കൊലപാതകമാണോയെന്ന സംശയം ജനിപ്പിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി.
കൊല്ലപ്പെട്ട വീട്ടമ്മ പുഷ്പലത വി. ഷെട്ടി (70)യുടെ കഴുത്തിലുണ്ടായിരുന്ന മൂന്നുപവൻ തൂക്കമുള്ള കരിമണിമാല കൈക്കലാക്കുന്നതിനായാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കവർന്ന സ്വർണം ഒളിപ്പിച്ചുവെച്ച സ്ഥലം പോലീസ് കണ്ടെത്തി. ബുധനാഴ്ച രാത്രി 9.40 ഓടെയാണ് പുഷ്പലത ഷെട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്തെല്ലാം യന്ത്രം ഉപയോഗിച്ച് കാടുവെട്ടുന്ന പ്രതിയെ കുറിച്ച് നാട്ടുകാർ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.