അട്ടപ്പാടിയിൽ 7,300-ലേറെ കഞ്ചാവ് ചെടികൾ കണ്ടെത്തി

 

 പാലക്കാട് : അട്ടപ്പാടിയിൽ എക്സൈസ്-പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൻതോതിലുള്ള കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ചു. പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലനിരകളിലും അംഗണ്യൻ ചോലയിലുമായി നടത്തിയ പരിശോധനയിലാണ് ട്രിപ്പ് ഇറിഗേഷൻ സംവിധാനം ഉപയോഗിച്ച് വളർത്തിയ 7,300-ലധികം കഞ്ചാവ് ചെടികൾ പിടികൂടിയത്. ചെങ്കുത്തായ മലനിരകളിലൂടെ ഏഴ് മണിക്കൂറിലധികം യാത്ര ചെയ്താണ് പൊലീസ് സംഘം ഈ പ്രദേശത്ത് എത്തിച്ചേർന്നത്.

പൊന്നക്കൽ മലയ്ക്കും അംഗണ്യൻ ചോലയ്ക്കും ഇടയിലുള്ള ഭാഗത്ത് ഒന്നര മാസം പ്രായമായ 1600-ഓളം തൈകളും, മലയുടെ കിഴക്കുഭാഗത്തായി പൂർണ്ണ വളർച്ചയെത്തി പൂത്തുനിന്ന 5700-ഓളം ചെടികളുമാണ് പൊലീസ് കണ്ടെത്തി നശിപ്പിച്ചത്. പ്രതികൾക്കായി പുതൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.