കാറിന്റെ ബോണറ്റിൽ ഇരുമ്പ് വടിയുമായി കയറി അസഭ്യവർഷം ; കൊല്ലത്ത് നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിന്റെ അഴിഞ്ഞാട്ടം 

 

കൊല്ലം : തേവലക്കര കോട്ടൂർമുക്കിൽ നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിന്റെ അഴിഞ്ഞാട്ടം. വൈകീട്ട് അഞ്ചരയോടെ റോഡിലൂടെ വന്ന കാറിന് മുന്നിലേക്ക് ഇരുമ്പ് വടിയുമായി പാഞ്ഞടുത്ത യുവാവ്, ബോണറ്റിൽ ചവിട്ടി കാറിന് മുകളിൽ കയറി അസഭ്യവർഷം നടത്തുകയായിരുന്നു. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. കാറിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ തെക്കുംഭാഗം പൊലീസ് ഇടപെടുകയും മണിക്കൂറുകൾക്കകം പ്രതിയായ പ്രണവ് എന്ന യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ, മാരകായുധമല്ലാത്തതിനാൽ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ നിന്നും ഇയാൾക്ക് രാവിലെ ജാമ്യം ലഭിച്ചെങ്കിലും സ്റ്റേഷന് പുറത്തിറങ്ങിയ നിമിഷം അടുത്ത അറസ്റ്റ് എത്തി. വൈറലായ വീഡിയോ കണ്ട് ശാസ്താംകോട്ട പൊലീസാണ് സ്ഥലത്തെത്തി ഇയാളെ പൊക്കിയത്. കഴിഞ്ഞ മാർച്ച് 30-ന് കല്ലടയിൽ ഗാനമേള കാണാൻ വന്ന യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ശാസ്താംകോട്ട പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിലായിരുന്നു ഈ പ്രതി. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ശാസ്താംകോട്ട പൊലീസ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തിട്ടുണ്ട്.