വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
മേലുകാവ് : വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടനാട് നീലൂർ നൂറുമല ഭാഗത്ത് കൊടൈക്കനാലിൽ വീട്ടിൽ അരുൺ ചെറിയാനെയാണ് (28) മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി, വിവാഹവാഗ്ദാനം നൽകി 2019 മുതൽ പീഡിപ്പിച്ചു വരികയായിരുന്നു.
തുടർന്ന് ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കാതെ ഒഴിവാക്കാൻ ശ്രമിക്കുകയും, തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് മേലുകാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇതറിഞ്ഞ ഇയാൾ സ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു.
തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാൾ വിദേശത്തേക്ക് പോകാൻ മെഡിക്കൽ ചെക്കപ്പിനായി ഡൽഹിയിൽ എത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുകയും, തുടർന്ന് അന്വേഷണസംഘം ഡൽഹിയിലെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. മേലുകാവ് എസ്.എച്ച്.ഒ ഏലിയാസ് പി. ജോർജ്, എസ്.ഐ റെജിമോൻ, എ.എസ്.ഐ അഷ്റഫ്, സി.പി.ഒ അബീഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.