മലപ്പുറത്ത് റബർ ഒട്ടുപാൽ മോഷണം നടത്തിയ യുവാവ് പിടിയിൽ
കാളികാവ്: റബർ ഒട്ടുപാൽ മോഷണം നടത്തിയ യുവാവ് കാളികാവ് പൊലീസിന്റെ പിടിയിൽ. അടക്കാകുണ്ടിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന രണ്ട് ക്വിന്റലോളം ഒട്ടുപാൽ മോഷ്ടിച്ചു വിൽപന നടത്തിയ എടക്കര കൗക്കാട് സ്വദേശി ശ്രീജിത്ത് (32) എന്ന മണിക്കുട്ടനെയാണ് കാളികാവ് സബ് ഇൻസ്പെക്ടർ ശശിധരൻ വിളയിൽ അറസ്റ്റ് ചെയ്തത്. പ്രതി ടാപ്പിങ് ജോലിക്കാരനും വണ്ടൂർ അമ്പലപ്പടിയിലെ വീട് നിർമാണ സാമഗ്രികൾ വിൽപന നടത്തുന്ന സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറുമാണ്.
സാധന സാമഗ്രികൾ സൈറ്റിൽ ഇറക്കുന്ന സമയം അവിടങ്ങളിൽ കളവു നടത്താൻ പറ്റുന്ന സാധനങ്ങൾ കണ്ടുവെക്കുകയും പുലർച്ചെ തന്റെ സ്വന്തം കാറിൽ സ്ഥലത്ത് എത്തി മോഷണം നടത്തുകയുമാണ് പ്രതിയുടെ രീതി. സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. പ്രതിക്കെതിരെ എടക്കര, വഴിക്കടവ് സ്റ്റേഷനുകളിൽ മറ്റു കേസുകൾ നിലവിലുണ്ട്. അന്വേഷണ സംഘത്തിൽ എസ്.ഐയെക്കൂടാതെ സി.പി.ഒമാരായ അരുൺ, വി. വ്യതീഷ്, ടി. വിനു, പി.കെ. രാഹുൽ, പി. റിജീഷ് എന്നിവരുമുണ്ടായിരുന്നു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.