അപൂർവ പല്ലികളുമായി അസമിൽ മൂന്നുപേർ പിടിയിൽ

 

ഗുവാഹത്തി: അസമിലെ ദിബ്രുഗഡിൽ പോലീസ് നടത്തിയ പരിശോധനയിൽ 11 അപൂർവ ഇനത്തിൽപ്പെട്ട ടോക്കെ ഗെക്കോ പല്ലികളെ പിടികൂടി. വെള്ളിയാഴ്ച നടന്ന പരിശോധനയിൽ മൂന്ന് കള്ളക്കടത്തുകാരെയും പോലീസ് അറസ്റ്റ് ചെയ്തു. ദേബാഷിസ് ദോഹൂട്ടിയ (34), മനാഷ് ദോഹൂട്ടിയ (28), ദിപങ്കർ ഘർഫാലിയ (40) എന്നിവരാണ് അറസ്റ്റിലായത്.

വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുന്ന ടോക്കെ ഗെക്കോകളെ 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇന്ത്യയിൽ, അസം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ മാത്രമാണ് ഈ പല്ലികൾ കാണപ്പെടുന്നത്.