ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിന്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ദുരൂഹതയോ അസ്വാഭാവികതയോ ഇല്ലെന്ന് പോലീസ്

ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിന്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയോ അസ്വാഭാവികതയോ ഇല്ലെന്ന് വ്യക്തമാക്കി പോലീസ്.
 

 അരൂർ: ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിന്റെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയോ അസ്വാഭാവികതയോ ഇല്ലെന്ന് വ്യക്തമാക്കി പോലീസ്. അരൂർ രാഹുൽ നിവാസിൽ കെ.കെ. രമേശന്റെ മരണം താഴെ വീണപ്പോൾ തല ചിരവയിൽ ഇടിച്ചതിനെ തുടർന്നാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. സംഭവസ്ഥലത്തുനിന്നു ലഭിച്ച ശാസ്ത്രീയ തെളിവുകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് പോലീസ് നിഗമനത്തിലെത്തിയത്.

ഓഗസ്റ്റ് 1 ശനിയാഴ്ച രാവിലെ മകൾ ഫോണിൽ വിളിച്ച് ലഭിക്കാത്തതിനെ തുടർന്ന് അയൽവാസി വീട്ടിലെത്തി നോക്കിയപ്പോഴാണ് രമേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പിന്നിലുണ്ടായിരുന്ന വലിയ മുറിവും സമീപത്ത് രക്തം തളംകെട്ടിക്കിടന്നതും തുടക്കത്തിൽ മരണത്തിൽ സംശയം ഉണ്ടാക്കിയിരുന്നു. എന്നാൽ പ്രാഥമിക പരിശോധനയിൽ തന്നെ രമേശൻ ധരിച്ചിരുന്ന സ്വർണ്ണമാല ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ തലയ്‌ക്കേറ്റ മുറിവ് ആക്രമണം മൂലം ഉണ്ടായതല്ലെന്നും താഴേക്ക് വീണപ്പോൾ സംഭവിച്ചതാണെന്നും പോലീസ് സർജൻ സ്ഥിരീകരിച്ചു. ഫൊറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ അടുക്കളയിലുണ്ടായിരുന്ന ചിരവയിൽ നിന്ന് രമേശന്റെ തലമുടി കണ്ടെത്തിയിരുന്നു.