അമ്പലപ്പുഴയിൽ പഞ്ചായത്ത് അംഗത്തെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം
അമ്പലപ്പുഴ: പുറമ്പോക്ക് ഭൂമി വൃത്തിയാക്കുന്ന ആവശ്യത്തിനായി കുടുംബശ്രീ പ്രവര്‍ത്തകരോടൊപ്പം എത്തിയ പഞ്ചായത്ത് അംഗത്തെ സമീപവാസി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. അമ്പലപ്പുഴ തെക്ക് 12-ാം വാർഡ് അംഗം മനോജ് കുമാറിനെയാണ് പുറമ്പോക്ക് ഭൂമിയോട് ചേര്‍ന്ന് താമസിക്കുന്നയാളും മകനും ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മനോജ് കുമാര്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്കി. കുടുംബശ്രീ അംഗങ്ങളില്‍പ്പെട്ട ചിലരുടെ വീട്ടിലേക്കുള്ള വഴികൂടിയാണിത്. മൂന്നര മീറ്ററോളം വീതിയിലും 30 മീറ്ററോളം നീളത്തിലുമായിരുന്ന പുറമ്പോക്ക് ഭൂമി വര്‍ഷങ്ങളായി പ്രദേശവാസികള്‍ വഴിയായി ഉപയോഗിച്ച് വരുകയായിരുന്നു.
സമീപവാസി പുറമ്പോക്ക് ഭൂമിയുടെ ഭാഗം കൈയേറിയതോടെ വഴി ഒരുമീറ്ററായി കുറഞ്ഞു. ഇത് സംബന്ധിച്ച് പഞ്ചായത്തും കൈയേറ്റക്കാരും തമ്മിലുള്ള നിയമനടപടികള്‍ തുടര്‍ന്ന് വരുകയാണ്.