ആലുവയിൽ വഴിത്തർക്കത്തെ തുടർന്നുള്ള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

 
ആലുവ: വഴിത്തർക്കത്തെ തുടർന്നുള്ള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കയിന്‍റിക്കര തോപ്പിൽ അലിക്കുഞ്ഞാണ് (68) മരിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏലൂക്കര പനത്താൻ അബ്ദുൽ കരീം ആണ് പ്രതി.
ഈ മാസം 20 നായിരുന്നു സംഭവം. വഴിക്ക് സ്ഥലം വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് അലിക്കുഞ്ഞിനെ പലവട്ടം പ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് വയോധികനെ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചത്.
നിർധന കുടുംബത്തിന്‍റെ നാഥനായ അലിക്കുഞ്ഞിന് ഗുരുതര പരിക്കേറ്റതിനാൽ നാട്ടുകാരുടെ സഹായത്താലാണ് ചികിത്സ നടന്നിരുന്നത്. തലയിൽ രക്തസ്രാവവും വാരിയെല്ലുകൾക്ക് പൊട്ടലുമേറ്റ് ഇദ്ദേഹം അബോധാവസ്ഥയിലായിരുന്നു.