ആലപ്പുഴയിൽ പാഴ്‌സലിൽ ഗ്രേവി കുറഞ്ഞതിന് ഹോട്ടലിൽ അതിക്രമം

ചട്ടുകത്തിനുള്ള അടിയേറ്റ ഉവൈസിന്റെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്

 

നമസ്‌കാരശേഷം കടയിലേക്കു വന്ന ഉവൈസിനെ ചട്ടുകം ഉപയോഗിച്ച് തലയ്ക്കും ശരീരത്തും മര്‍ദിക്കുകയായിരുന്നു

ആലപ്പുഴ : ചാരുംമൂട് പാഴ്സലില്‍ ഗ്രേവി കുറഞ്ഞെന്നുപറഞ്ഞ് ഹോട്ടലില്‍ അതിക്രമം നടത്തിയ മൂന്നംഗസംഘം, ഉടമയെയും ബന്ധുക്കളെയുമടക്കം മൂന്നുപേരെ മര്‍ദ്ദിച്ചു. താമരക്കുളം ജങ്ഷനു പടിഞ്ഞാറ് പ്രവര്‍ത്തിക്കുന്ന ബുഖാരി ഹോട്ടല്‍ ഉടമ താമരക്കുളം ആഷിക് മന്‍സിലില്‍ മുഹമ്മദ് ഉവൈസ് (37), ജ്യേഷ്ഠസഹോദരന്‍ മുഹമ്മദ് നൗഷാദ് (43), ഭാര്യാമാതാവ് റെജില (47) എന്നിവര്‍ക്കാണു പരിക്കേറ്റത്.

ചട്ടുകത്തിനുള്ള അടിയേറ്റ ഉവൈസിന്റെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. വൈകീട്ട് അഞ്ചോടെ സ്‌കൂട്ടറിലെത്തിയ സംഘം പൊറോട്ട, ബീഫ് ഫ്രൈ, ഗ്രേവി ഉള്‍പ്പെടുന്ന പാഴ്‌സല്‍ വാങ്ങി പോയിരുന്നു. ആറോടെ തിരികെവന്ന സംഘം കടയ്ക്കുള്ളില്‍ അതിക്രമിച്ചുകയറി. പാഴ്‌സലില്‍ ഗ്രേവി കുറഞ്ഞെന്നു പറഞ്ഞ് അക്രമം നടത്തുകയായിരുന്നു. നമസ്‌കാരശേഷം കടയിലേക്കു വന്ന ഉവൈസിനെ ചട്ടുകം ഉപയോഗിച്ച് തലയ്ക്കും ശരീരത്തും മര്‍ദിക്കുകയായിരുന്നു. പിടിച്ചുമാറ്റാന്‍ വന്ന ജ്യേഷ്ഠനെയും സംഘം ക്രൂരമായി മര്‍ദിച്ചു. കടയുടെ മുന്‍വശത്തെ കൗണ്ടറിന്റെ ചില്ലുള്‍പ്പെടെ അക്രമികള്‍ അടിച്ചുപൊട്ടിച്ചു. സ്ഥലത്തെത്തിയ നൂറനാട് പോലീസ് പ്രതികള്‍ക്കായുള്ള തിരച്ചിലിലാണ്.