പട്ടാപ്പകൽ വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

 

ഇടുക്കി: നടുമറ്റത്ത് പട്ടാപ്പകൽ വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം അഞ്ചുതെങ്ങ് സ്വദേശി സരോജ (സോണിയ) ആണ് രാജാക്കാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ നടുമറ്റം പാലക്കുന്നേൽ ടോമിയുടെ വീട്ടിലായിരുന്നു കവർച്ച നടന്നത്. ടോമിയുടെ അമ്മ മറിയക്കുട്ടി (80) വീട്ടിൽ ഒറ്റയ്ക്കായ സമയം നോക്കിയെത്തിയ മൂന്നംഗ സംഘം കുടിക്കാൻ വെള്ളം ചോദിച്ചാണ് വീടിനുള്ളിൽ കയറിയത്. അകത്തു കടന്ന ഉടൻ സംഘം വയോധികയെ കീഴ്പ്പെടുത്തി ഊൺമേശയിൽ കെട്ടിയിടുകയായിരുന്നു.

മറിയക്കുട്ടിയുടെ വിരലിലുണ്ടായിരുന്ന മൂന്ന് സ്വർണ്ണ മോതിരങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും കവർന്നാണ് അക്രമിസംഘം സ്ഥലം വിട്ടത്. കോട്ടയം മണർകാട്ടുള്ള വാടകവീട്ടിൽ നിന്നുമാണ് സരോജയെ പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ പാമ്പാടി സ്റ്റേഷനിൽ മാത്രം ഒൻപതോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് കണ്ടെത്തി. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. വാഴൂർ ചാമംപതാൽ സ്വദേശിയായ അൽത്താഫ് എന്നയാളാണ് കൂട്ടുപ്രതികളിൽ ഒരാളെന്ന് സംശയിക്കുന്നതായും സൂചനയുണ്ട്.

അറസ്റ്റിലായെങ്കിലും സരോജ ചോദ്യം ചെയ്യലിനോട് കൃത്യമായി സഹകരിക്കാത്തത് മറ്റ് പ്രതികളിലേക്കുള്ള വഴി കണ്ടെത്താൻ പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്. അടിമാലി കോടതിയിൽ ഹാജരാക്കിയ സരോജയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.