25 ലക്ഷം രൂപയുടെ ഹാൻസ് ശേഖരവുമായി രണ്ട് പേർ അറസ്റ്റിൽ

 

കയ്പമംഗലം: 25 ലക്ഷം രൂപയുടെ ഹാൻസ് ശേഖരവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. തീരദേശത്തെ 'ഹാൻസ് രാജാവ്' എന്നറിയപ്പെടുന്ന വലപ്പാട് കോതകുളം സ്വദേശി വലിയകത്ത് വീട്ടിൽ ജലീൽ (46), സഹായി തമിഴ്‌നാട് സ്വദേശി ശെൽവമണി (26) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കാളമുറി പടിഞ്ഞാറ് ജലീലിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നുമാണ് 20 ചാക്കുകളിലായി സൂക്ഷിച്ച അമ്പതിനായിരത്തോളം പാക്കറ്റ് ഹാൻസ് കണ്ടെത്തിയത്. അഞ്ച് മാസം മുൻപാണ് ജലീൽ ഈ വീട് വിലക്ക് വാങ്ങിയത്. തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്ന് മൊത്തമായി കൊണ്ടുവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഈ വീട്ടിലാണ് സൂക്ഷിക്കുന്നത്.

കൊടുങ്ങല്ലൂർ, മതിലകം, വലപ്പാട് പൊലീസ് സ്റ്റേഷനുകളിലായി സമാനരീതിയിലുള്ള പത്തിലധികം കേസുകൾ ജലീലിൻ്റെ പേരിൽ നിലവിലുണ്ട്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും തൃശൂർ റൂറൽ ഡെൻസാഫ് ടീമും ചേർന്നാണ് ഹാൻസ് ശേഖരം പിടികൂടിയത്.

കയ്‌പമംഗലം എസ്.എച്ച്.ഒ കെ.എസ്.സുബീഷ് മോൻ, എസ്.ഐ കൃഷ്‌ണ പ്രസാദ്, കൊടുങ്ങല്ലൂർ ക്രൈം സ്‌ക്വഡ് എസ്.ഐ പി.സി.സുനിൽ, കയ്‌പമംഗലം സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ റഫീക്ക്, എ.എസ്.ഐ സി.ആർ.പ്രദീപ്, സീനിയർ സി.പി.ഒമാരായ സൂരജ് വി.ദേവ്, ലിജു ഇയ്യാനി, മിഥുൻ ആർ.കൃഷ്‌ണ, ബിജു, അഖിലേഷ്, എ.ബി.നിഷാന്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.