പിക്കപ്പ് വാനിന്റെ രഹസ്യ അറയിൽ 100 ലിറ്റർ മാഹി മദ്യം: യുവാവ് അറസ്റ്റിൽ

ഇടുക്കിയിൽ പിക്കപ്പ് വാനിൻറെ രഹസ്യ അറയിൽ 100 ലിറ്റർ മാഹി മദ്യം കടത്തിക്കൊണ്ട് വന്നയാളെ എക്സൈസ് പിടികൂടി. ഉടുമ്പഞ്ചോല കാന്തിപ്പാറ സ്വദേശി അനന്തുവാണ് (28) പിടിയിലായത്

 

 
ഇടുക്കി: ഇടുക്കിയിൽ പിക്കപ്പ് വാനിൻറെ രഹസ്യ അറയിൽ 100 ലിറ്റർ മാഹി മദ്യം കടത്തിക്കൊണ്ട് വന്നയാളെ എക്സൈസ് പിടികൂടി. ഉടുമ്പഞ്ചോല കാന്തിപ്പാറ സ്വദേശി അനന്തുവാണ് (28) പിടിയിലായത്. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്‌ക്വാഡും, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. 

രണ്ടാം പ്രതി രാജാക്കാട് സ്വദേശി ബിജുവിനായുള്ള അന്വേഷണം എക്സൈസ് ഊർജ്ജിതമാക്കി. രാജാക്കാട് മേഖലയിൽ മാഹി മദ്യം എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണികളാണ് ഇരുവരും. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ നെബു എ സി, രാജ്‌കുമാർ ബി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ അനീഷ് ടി എ, സിജുമോൻ കെ എൻ, ലിജോ ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ ജോസ്, വിഷ്ണുരാജ് കെ എസ് എന്നിവർ പങ്കെടുത്തു. 

ഇതിനിടെ കാസർകോട് കാറിൽ കടത്തിക്കൊണ്ട്  വന്ന 86.4 ലിറ്റർ കർണാടക മദ്യം പിടിച്ചെടുത്ത് രണ്ട് പേരെയും എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ചേശ്വരം ബംബ്രാണ സ്വദേശികളായ മിതേഷ്‌, പ്രവീൺകുമാർ എന്നിവരാണ് പിടിയിലായത്. മദ്യം കടത്തിക്കൊണ്ട് വന്ന കാറും കസ്റ്റഡിയിലെടുത്തു. ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ദിലീപ് എമ്മിൻറെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രാജീവൻ എം, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി കെ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ് പി, സിജു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ദിജിത്ത്, ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ സനൽ എന്നിവരും പങ്കെടുത്തു.