ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്ന തക്കംനോക്കി വീടുകളിൽ കവർച്ച ; തമിഴ്നാട് സ്വദേശി പിടിയിൽ
ഞായറാഴ്ചകളിൽ വീട്ടുകാർ പള്ളിയിൽ പോകുന്ന തക്കംനോക്കി ക്രിസ്ത്യൻ വീടുകളിൽ കവർച്ച നടത്തി തീവണ്ടിയിൽതന്നെ മടങ്ങുന്ന തമിഴ്നാട് കന്യാകുമാരി പത്മനാഥപുരം കട്ടുവിളൈ നെല്ലിയാർക്കോണം സ്റ്റീഫനെ (38) പോലീസ് അറസ്റ്റുചെയ്തു
കോട്ടയം: ഞായറാഴ്ചകളിൽ വീട്ടുകാർ പള്ളിയിൽ പോകുന്ന തക്കംനോക്കി ക്രിസ്ത്യൻ വീടുകളിൽ കവർച്ച നടത്തി തീവണ്ടിയിൽതന്നെ മടങ്ങുന്ന തമിഴ്നാട് കന്യാകുമാരി പത്മനാഥപുരം കട്ടുവിളൈ നെല്ലിയാർക്കോണം സ്റ്റീഫനെ (38) പോലീസ് അറസ്റ്റുചെയ്തു.അയർക്കുന്നത്ത് 2025 ഒക്ടോബർ 19-ന് അടുക്കള വാതിൽ തകർത്ത് മോഷണം നടത്തിയ കേസിലെ അന്വേഷണത്തിലാണ് പ്രതിയെ അയർക്കുന്നം പോലീസ് പിടികൂടിയത്. അയർക്കുന്നം കൊങ്ങാണ്ടൂർ കല്ലിട്ടനട പോളയ്ക്കൽ വീട്ടിൽനിന്ന് 28,000 രൂപയും, 10 പവൻ സ്വർണാഭരണങ്ങളുമാണ് മോഷ്ടിച്ചത്.
പ്രതി തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നു ഹോണ്ട ആക്ടീവ സ്കൂട്ടർ മോഷ്ടിച്ചാണ് കവർച്ച നടത്തിയതെന്ന് കണ്ടെത്തി. മോഷണം നടത്തിയശേഷം സ്കൂട്ടർ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഒളിപ്പിച്ച്, ചെന്നൈയിൽ ഒളിവിൽ താമസിക്കുകയായിരുന്നു. എല്ലാ ഞായറാഴ്ചകളിലും പുലർച്ചെ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തി സ്കൂട്ടർ എടുത്ത് കറങ്ങിനടക്കും. ആളൊഴിഞ്ഞ വീടുകൾ കണ്ടെത്തി മോഷണം നടത്തി വീണ്ടും മടങ്ങും. കഴിഞ്ഞ നാലരമാസമായി പോലീസ് നടത്തിയ നിരന്തര നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായിട്ടാണ് പ്രതിയെ പിടികൂടാനായത്.
ഒട്ടേറെ മോഷണക്കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായിട്ടുള്ള സ്റ്റീഫനെ മുൻപ് കത്തി ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് പോലീസ് വെടിവെച്ച് പിടികൂടിയിട്ടുണ്ട്. എസ്.ഐ.മാരായ വി.കെ. ജയപ്രകാശ്, സജു ടി. ലൂക്കോസ്, സുജിത് കുമാർ, ജേക്കബ് പി. ജോയ്, എസ്‍.സി.പി.ഒ. ശരുൺ രാജ് എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളായ ജോബി, ശ്യാം എന്നിവരും ചേർന്ന സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.