ചെറിയ ഓർഡറുകൾ പോലും ഇപ്പോൾ കൂടുതൽ ചെലവാകും ; പ്ലാറ്റ്‌ഫോം ഫീ കുത്തനെ കൂട്ടി സൊമാറ്റോ
ഓൺലൈൻ ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസിൽ വൻ വർധന വരുത്തി.
Mar 21, 2026, 19:07 IST
ഡൽഹി: ഓൺലൈൻ ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസിൽ വൻ വർധന വരുത്തി. നേരത്തെ 12.5 രൂപയായിരുന്ന ഫീസാണ് ഇപ്പോൾ 14.9 രൂപയായി ഉയർത്തിയത്. ഏകദേശം 19.2 ശതമാനത്തിന്റെ വർധനവാണ് ഒറ്റയടിക്ക് കമ്പനി വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.
പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്നുണ്ടായ എൽപിജി പ്രതിസന്ധിയും ക്രൂഡ് ഓയിൽ വിപണിയിലെ ചാഞ്ചാട്ടവുമാണ് നിരക്ക് വർധിപ്പിക്കാൻ കാരണമായതെന്നാണ് സൂചന. ഭക്ഷണത്തിന്റെ വില, ഡെലിവറി ചാർജ്, ജിഎസ്ടി എന്നിവയ്ക്ക് പുറമെയാണ് ഈ പ്ലാറ്റ്‌ഫോം ഫീസും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. ഇതോടെ സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് ഇനി അധിക തുക നൽകേണ്ടി വരും.
ഓരോ ഓർഡറിനും ഈടാക്കുന്ന ഈ ഫിക്‌സഡ് ചാർജ് വർധിപ്പിച്ചത് സ്ഥിരമായി ഓൺലൈൻ ഫുഡ് ഡെലിവറിയെ ആശ്രയിക്കുന്നവരെ കാര്യമായി ബാധിക്കും.