പശ്ചിമേഷ്യൻ യുദ്ധം ;  വ്യോമപാതകൾ അടച്ചതോടെ പ്രതിസന്ധിയിലായി കരിപ്പൂർ വിമാനത്താവളം വഴിയുള്ള പഴം, പച്ചക്കറി കയറ്റുമതി മേഖല

 പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് വ്യോമപാതകൾ അടച്ചതോടെ കരിപ്പൂർ വിമാനത്താവളം വഴിയുള്ള പഴം, പച്ചക്കറി കയറ്റുമതി മേഖല പ്രതിസന്ധിയിൽ.
 

 പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് വ്യോമപാതകൾ അടച്ചതോടെ കരിപ്പൂർ വിമാനത്താവളം വഴിയുള്ള പഴം, പച്ചക്കറി കയറ്റുമതി മേഖല പ്രതിസന്ധിയിൽ. ഗൾഫ് നാടുകളിലേക്കും യൂറോപ്പിലേക്കുമുള്ള കയറ്റുമതിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. കയറ്റുമതി ഏജൻസികളെ കൂടാതെ ജില്ലയിലെയും അയൽ സംസ്ഥാനങ്ങളിലെയും നൂറുകണക്കിന് കർഷകരെയും തൊഴിലാളികളെയും യുദ്ധം പരോക്ഷമായി ബാധിച്ചു.

കരിപ്പൂർ വഴി പ്രതിദിനം 40 മുതൽ 45 മെട്രിക് ടൺ വരെ കയറ്റുമതി നടന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇത് 10 മുതൽ 15 മെട്രിക് ടണ്ണായി ചുരുങ്ങി. റംസാൻ സീസണിലെ വിദേശ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന കർഷകർക്ക് ഇത് വലിയ തിരിച്ചടിയായി. 
വിദേശത്തേക്ക് അയക്കാൻ പാകത്തിന് പ്രത്യേക പരിചരണം നൽകി വളർത്തിയെടുത്ത നേന്ത്രപ്പഴം, ചക്ക, മറ്റ് പച്ചക്കറികൾ എന്നിവ ഇപ്പോൾ പ്രാദേശിക മാർക്കറ്റുകളിൽ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കേണ്ടി വരികയാണ്.