പശ്ചിമേഷ്യൻ സംഘർഷം  ; ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ വൻ ഇടിവ് 

പശ്ചിമേഷ്യൻ സംഘർഷ പ്രതിസന്ധിയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽശേഖരത്തിന് ഏറ്റത് കനത്ത ആഘാതം. റിസർവ് ബാങ്കിന്റെ മേയ് 15 വരെയുള്ള കണക്ക് പ്രകാരം വിദേശനാണ്യ ശേഖരം 68,890 കോടി ഡോളറിലെത്തി
 

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷ പ്രതിസന്ധിയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽശേഖരത്തിന് ഏറ്റത് കനത്ത ആഘാതം. റിസർവ് ബാങ്കിന്റെ മേയ് 15 വരെയുള്ള കണക്ക് പ്രകാരം വിദേശനാണ്യ ശേഖരം 68,890 കോടി ഡോളറിലെത്തി. പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുൻപ്, ഫെബ്രുവരി 27-ന് ഇന്ത്യയുടെ വിദേശനാണ്യശേഖരം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 72,850 കോടി ഡോളറിൽ എത്തിയിരുന്നു. ഈ നിലയിൽ നിന്ന് 3,960 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്. നിലവിലുള്ള ശേഖരം ഏകദേശം 11 മാസത്തെ ഇറക്കുമതിച്ചെലവുകൾക്ക് പര്യാപ്തമാണെന്നാണ് വിലയിരുത്തൽ.

2026-ൽ വിദേശനാണ്യശേഖരത്തിലുണ്ടായ ഏറ്റവും കനത്ത ഇടിവല്ല ഇപ്പോഴുണ്ടായത്. മാർച്ച് 27-ന് 68,810 കോടി ഡോളർ എന്ന സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രാജ്യത്തിന്റെ വിദേശ നാണ്യശേഖരം ഇടിഞ്ഞിരുന്നു. എന്നാൽ, തുടർന്നുള്ള ആഴ്ചകളിൽ 69,700 കോടി ഡോളർ എന്ന നിലയിലേക്ക് തിരിച്ചുകയറ്റമുണ്ടായി. ഈ നിലയിൽ നിന്നാണ് വീണ്ടും ഇടിവുണ്ടായത്.

വിദേശനാണ്യ ശേഖരത്തിലെ എല്ലാ ഘടകങ്ങളെയും ഇടിവ് ബാധിച്ചിട്ടുണ്ട്. ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ വിദേശ കറൻസി ആസ്തികൾ 54,590 കോടി ഡോളറിലെത്തി. സ്വർണശേഖരം 11,930 കോടി ഡോളറിലേക്കാണ് ഇടിഞ്ഞത്. അന്താരാഷ്ട്ര നാണയ നിധിയിലെ സ്‌പെഷ്യൽ ഡ്രോയിങ് റൈറ്റ്‌സ് വലിയ മാറ്റങ്ങളില്ലാതെ 1,880 കോടി ഡോളറായി തുടരുന്നുണ്ട്.

യു.എസ്.-ഇറാൻ സംഘർഷം മൂലം ഹോർമുസ് കടലിടുക്കിലെ സുരക്ഷാഭീഷണിയാണ് ഇന്ത്യയുടെ വിദേശനാണ്യശേഖരം കുറയുന്നതിലെ പ്രധാന കാരണം. അസംസ്കൃത എണ്ണ (ക്രൂഡോയിൽ) യുടെ ചരക്ക് നീക്കം പ്രധാനമായി നടക്കുന്ന ഹോർമുസ് അടഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുതിച്ചുയർന്നു. ഡോളർ കരുത്താർജിക്കുകയും രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്തു. ഇത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് വർധിപ്പിച്ചു. രൂപയുടെ മൂല്യശോഷണം തടയാൻ ഈ കാലഘട്ടത്തിൽ ആർ.ബി.ഐ.ക്ക് വിദേശനാണ്യ ശേഖരത്തിൽ നിന്ന് വലിയ തോതിൽ ഡോളർ വിറ്റഴിക്കേണ്ടിയും വന്നു.