കാർ നിർമാണം നിർത്തി ഇസ്രയേലിനു വേണ്ടി ആയുധം നിർമിക്കാൻ ഫോക്‌സ്‌വാഗൺ
പ്രമുഖ ജർമൻ കാർ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗൺ എജി, കാർ നിർമാണം നിർത്തി ആയുധ നിർമാണത്തിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി ജർമനിയിലെ പ്രശസ്തമായ ഓസ്നാബ്രൂക്ക് ഫാക്ടറി ഇസ്രയേൽ കമ്പനികൾക്ക് വിൽക്കാൻ ഫോക്സ്‌വാഗൺ തീരുമാനിച്ചു. ടെൽ അവീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിക്ഷേപക കമ്പനിയായ ഔറേലിയസ് ക്യാപിറ്റലിനാണ് പ്ലാന്റ് കൈമാറുന്നത്. 2027 വേനൽക്കാലത്തോടെ ഇവിടെ കാർ നിർമാണം പൂർണമായും അവസാനിപ്പിക്കാനും തുടർന്ന് ഇസ്രയേൽ സൈന്യത്തിന് ആവശ്യമായ സുരക്ഷാ, പ്രതിരോധ ഉപകരണങ്ങൾ നിർമിക്കാനുമാണ് തീരുമാനം.
ഇസ്രയേൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അയൺ ഡോം, ഡേവിഡ്സ് സ്ലിങ്, ആരോ തുടങ്ങിയ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിർമിക്കുന്നതിൽ പ്രശസ്തരാണ് റാഫേൽ. ജർമനിക്കും യൂറോപ്പിനും ആവശ്യമായ വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇതിന്റെ ഭാഗങ്ങളും ഈ പ്ലാന്റിൽ നിർമിക്കാനാണ് പദ്ധതിയിടുന്നത്. എന്നാൽ ഫോക്സ്‌വാഗൺ നേരിട്ട് ആയുധങ്ങൾ നിർമിക്കില്ലെന്നും, പ്രതിരോധ സംവിധാനങ്ങൾക്ക് ആവശ്യമായ മറ്റ് അനുബന്ധ ഭാഗങ്ങൾ മാത്രമേ നിർമിക്കൂ എന്നും കമ്പനി വ്യക്തമാക്കി.
വാഹന വിപണിയിലെ ശക്തമായ മത്സരത്തിൽ പിടിച്ചുനിൽക്കാൻ കഴിയാതായതോടെയാണ് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഫോക്സ്‌വാഗൺ ആയുധ നിർമാണ രംഗത്തേക്ക് കടക്കാൻ തീരുമാനിച്ചത്. ഫാക്ടറിയിലെ ഭൂരിഭാഗം ജീവനക്കാരുടെയും തൊഴിൽ സംരക്ഷിക്കുക എന്ന ലക്ഷ്യവും ഈ തീരുമാനത്തിന് പിന്നിലുണ്ട്. നിലവിൽ ഇവിടെ ജോലി ചെയ്യുന്ന 1800 ജീവനക്കാരിൽ 1400 പേർക്കെങ്കിലും ഈ മാറ്റത്തിലൂടെ തൊഴിൽ നിലനിർത്താനാകുമെന്നാണ് തൊഴിലാളി യൂണിയൻ വ്യക്തമാക്കുന്നത്. കാർ നിർമാണത്തിൽ അധികകാലം തുടരാൻ സാധിക്കില്ല എന്നുറപ്പായതിനാൽ, ജർമനിയിലെ മറ്റു പ്ലാന്റുകൾക്കും ഉതുപോലെയുള്ള പുനരുപയോഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫോക്സ്‍വാഗൺ എന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, നിരന്തരം യുദ്ധ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഇസ്രയേലിനു വേണ്ടി ആയുധഭാഗങ്ങൾ നിർമിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. മാധാന ശ്രമങ്ങൾക്ക് പേരുകേട്ട ഓസ്നാബ്രൂക്കിൽ ആയുധ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങുന്നതിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.