യു.പി.ഐയിൽ നിന്നുള്ള വായ്പകൾക്ക് ദക്ഷിണേന്ത്യൻ നഗരങ്ങളിൽ പ്രിയമേറുന്നു; മുന്നിൽ കൊച്ചി, തിരുവനന്തപുരം, വിജയവാഡ
ബെംഗളൂരു : ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾ പണമിടപാടുകൾക്കപ്പുറം വായ്പ, ഇൻഷുറൻസ്, നിക്ഷേപം തുടങ്ങിയ സാമ്പത്തിക സേവനങ്ങളുടെ പ്രധാന കേന്ദ്രങ്ങളായി മാറുന്നതായി പാഹ്ലെ ഇന്ത്യ ഫൗണ്ടേഷനും ആമസോൺ പേയും നടത്തിയ പഠനം.
ബെംഗളൂരു : ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾ പണമിടപാടുകൾക്കപ്പുറം വായ്പ, ഇൻഷുറൻസ്, നിക്ഷേപം തുടങ്ങിയ സാമ്പത്തിക സേവനങ്ങളുടെ പ്രധാന കേന്ദ്രങ്ങളായി മാറുന്നതായി പാഹ്ലെ ഇന്ത്യ ഫൗണ്ടേഷനും ആമസോൺ പേയും നടത്തിയ പഠനം. രാജ്യത്തെ 20 സംസ്ഥാനങ്ങളിലായി 100 നഗരങ്ങളിൽ 5,149 ഉപഭോക്താക്കളെയും 1,054 വ്യാപാരികളെയും ഉൾപ്പെടുത്തി നടത്തിയ സർവേയിൽ, ഡിജിറ്റൽ വായ്പയുടെ ഉപയോഗത്തിലും സ്വീകാര്യതയിലും നഗരങ്ങൾക്കിടയിൽ വ്യക്തമായ വ്യത്യാസങ്ങൾ കണ്ടെത്തി.
പ്രധാന കണ്ടെത്തലുകൾ
- നഗരവാസികളിൽ 75% പേർ പ്രധാന പേയ്മെന്റ് ആപ്പിലൂടെ കുറഞ്ഞത് ഒരു സാമ്പത്തിക സേവനമെങ്കിലും ഉപയോഗിച്ചിട്ടുണ്ട്.
- 51.5% പേർ അനധികൃത ഇടപാടുകൾക്കെതിരായ ഉറപ്പ് ലഭിച്ചാൽ പേയ്മെന്റ് ആപ്പിലൂടെ വായ്പയെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു.
- 77% പേർ ഉത്സവകാലത്ത് സാധാരണയേക്കാൾ കുറഞ്ഞത് 50% അധികം ചെലവഴിക്കുന്നു.
- ഫാഷൻ, സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ ഇടപാടുകളുടെ എണ്ണത്തിൽ മുന്നിലാണ്; ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ ചെലവിന്റെ മൂല്യത്തിൽ മുന്നിലെത്തി.
- പണത്തിന്റെ അടിയന്തര ആവശ്യത്തിൽ ഗിഗ് തൊഴിലാളികളിൽ 23% പേർ ആദ്യം സമീപിക്കുന്നത് ഡിജിറ്റൽ വായ്പാ ആപ്പുകളെയാണ്.
- വ്യാപാരികളിൽ ഏകദേശം 80% പേർ ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു; ഭൂരിഭാഗവും പ്രവർത്തനക്ഷമതയിലോ വിൽപ്പനയിലോ നേട്ടമുണ്ടായതായി റിപ്പോർട്ട് ചെയ്തു.
ടയർ-2 നഗരങ്ങളിൽ ഡിജിറ്റൽ വായ്പ ഉപയോഗത്തിൽ മുന്നേറ്റം
ഡിജിറ്റൽ വായ്പാ ഉൾക്കൊള്ളൽ സൂചികയിൽ ടയർ-2 നഗരങ്ങൾ 58.64 സ്കോറുമായി മുന്നിലെത്തി. ടയർ-1 നഗരങ്ങളുടെ സ്കോർ 53.10ഉം ടയർ-3 നഗരങ്ങളുടേത് 55.77ഉം ആണ്. ടയർ-2 നഗരങ്ങളിൽ ബൈ നൗ പേ ലേറ്റർ ഉപയോഗം 60%വും വായ്പാ അപേക്ഷകൾ 41%വുമാണ്. ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവയ്ക്കുള്ള തവണവായ്പാ ഉപയോഗം കോയമ്പത്തൂരിൽ 70% രേഖപ്പെടുത്തിയപ്പോൾ കൊച്ചിയിൽ ഇത് 45% ആണ്. ഫാഷൻ ഉൽപ്പന്നങ്ങൾക്കുള്ള ബൈ നൗ പേ ലേറ്റർ സേവനങ്ങൾ (ബി.എൻ.പി.എൽ) ഉപയോഗത്തിൽ സൂറത്ത്, ബെംഗളൂരു, ചണ്ഡീഗഢ് എന്നീ നാഗങ്ങളാണ് മുന്നിൽ
ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവ തവണവ്യവസ്ഥയിൽ വാങ്ങുന്നതിൽ കോയമ്പത്തൂർ മുന്നിലാണ്. കൊച്ചിയിലും ഡിജിറ്റൽ ക്രെഡിറ്റിനോടുള്ള താൽപ്പര്യം ശ്രദ്ധേയമാണ്. ഡിജിറ്റൽ വായ്പയുടെ വ്യാപനം വർധിക്കുന്നതിനൊപ്പം സുരക്ഷ, സുതാര്യത, ഉപഭോക്തൃവിശ്വാസം എന്നിവ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
യു.പി.ഐ ദൈനംദിന ഇടപാടുകളുടെ പ്രധാന മാർഗം
ഓൺലൈൻ ഷോപ്പിങ്ങിൽ 71% പേരും ഭക്ഷണം കഴിക്കൽ, യാത്ര തുടങ്ങിയ ചെലവുകളിൽ 54% പേരും ഇന്ധനം, ഗതാഗതം, മെഡിക്കൽ, ഫാർമസി ഇടപാടുകളിൽ 53% വീതവും യു.പി.ഐ ഉപയോഗിക്കുന്നു. പല സാമ്പത്തിക സേവനങ്ങൾക്കും ഒരൊറ്റ ആപ്പ് ഉപയോഗിക്കാനാണ് 52% പേർക്ക് താൽപ്പര്യം; മറ്റൊരു 33% പേർ അനുയോജ്യമായ സേവനങ്ങൾ ലഭിച്ചാൽ അത്തരമൊരു ആപ്പ് പരിഗണിക്കുമെന്നും പറഞ്ഞു. ഡിജിറ്റൽ ക്രെഡിറ്റിനെക്കുറിച്ചുള്ള അവബോധം 88% ആണെങ്കിലും ഉപയോഗം 31% മാത്രമാണ്.
ഉത്സവകാല ചെലവുകളിൽ വർധന
സർവേയിൽ പങ്കെടുത്തവരിൽ 77% പേർ ഉത്സവകാലത്ത് ചെലവ് കുറഞ്ഞത് 50% വർധിപ്പിക്കുന്നതായി പറഞ്ഞു. 46% പേർ സാധാരണ ചെലവിന്റെ ഒന്നര മുതൽ രണ്ടിരട്ടി വരെ ചെലവഴിക്കുന്നു; 6% പേർ മൂന്നിരട്ടിയിലധികം ചെലവഴിക്കുന്നു. ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവയാണ് ഉയർന്ന മൂല്യമുള്ള വാങ്ങലുകളിൽ മുന്നിൽ. ഇടപാടുകളുടെ എണ്ണത്തിൽ ഫാഷൻ, സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ 89% രേഖപ്പെടുത്തി; ഹോം ആൻഡ് കിച്ചൻ 87%, നിത്യോപയോഗ സാധനങ്ങൾ 84% എന്നിങ്ങനെയാണ്.
ഗിഗ് തൊഴിലാളികളും മുതിർന്ന പൗരന്മാരും
ഗിഗ് തൊഴിലാളികളിൽ 67.5% പേർ യു.പി.ഐ ലൈറ്റ് പതിവായി ഉപയോഗിക്കുന്നു. 23% പേർ പണത്തിന്റെ അടിയന്തര ആവശ്യത്തിൽ ആദ്യം ഡിജിറ്റൽ വായ്പാ ആപ്പുകളെ ആശ്രയിക്കുന്നു—ദേശീയ ശരാശരിയുടെ 3.4 മടങ്ങ്. ഡിജിറ്റൽ ക്രെഡിറ്റ് സാമ്പത്തിക സ്വാതന്ത്ര്യം വർധിപ്പിച്ചതായി 43% പേർ അഭിപ്രായപ്പെട്ടു. അതേസമയം, അനൗപചാരിക മേഖലയിൽ ജോലി ചെയ്യുന്നവരുടെ സാമ്പത്തിക ഉൾക്കൊള്ളൽ സ്കോർ ശമ്പളക്കാരെയും ബിസിനസ് ഉടമകളെയും അപേക്ഷിച്ച് ഏകദേശം 11 പോയിന്റ് കുറവാണ്.
മുതിർന്ന പൗരന്മാരിൽ 55% പേർ ഡിജിറ്റൽ പേയ്മെന്റുകൾ ആത്മവിശ്വാസവും സ്വാതന്ത്ര്യവും വർധിപ്പിക്കുന്നതായി പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഡിജിറ്റൽ പേയ്മെന്റുകൾ പതിവാക്കിയവരുടെ എണ്ണത്തിലും വർധനയുണ്ടായി.
വ്യാപാരികൾക്ക് നേട്ടം; സെറ്റിൽമെന്റ് വൈകുന്നത് ആശങ്ക
ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുന്നതിലൂടെ പ്രവർത്തനക്ഷമതയിലും വിൽപ്പനയിലും നേട്ടമുണ്ടായതായി 79.5% വ്യാപാരികൾ റിപ്പോർട്ട് ചെയ്തു. ടയർ-3 നഗരങ്ങളിലെ വ്യാപാരികളാണ് ഡിജിറ്റൽ പേയ്മെന്റുകളോട് ഏറ്റവും കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചത്. എന്നാൽ ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കാൻ മടിക്കുന്ന വ്യാപാരികളിൽ 72.1% പേർ സെറ്റിൽമെന്റ് വൈകുന്നതാണ് പ്രധാന ആശങ്കയായി ചൂണ്ടിക്കാട്ടിയത്.
ഉപഭോക്താക്കളുടെ സാമ്പത്തിക ശീലങ്ങൾ പരിശോധിച്ചപ്പോൾ 41% പേർ ചെലവുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നവരും 33% പേർ സമ്പാദ്യത്തിന് മുൻഗണന നൽകുന്നവരുമാണ്. 15% പേർ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടുന്ന വിഭാഗത്തിലും 7% പേർ പെട്ടെന്നുള്ള ചെലവുകൾ നടത്തുന്ന വിഭാഗത്തിലും ഉൾപ്പെട്ടു; ആത്മവിശ്വാസത്തോടെ വായ്പയെടുക്കുന്നവർ 4% മാത്രമാണ്.
പഠനത്തിന്റെ ഡിജിറ്റൽ ക്രെഡിറ്റ് ഇൻക്ലൂഷൻ സൂചിക 100ൽ 55.85 ആണ്. പേയ്മെന്റ് ആപ്പുകളിലെ സുരക്ഷയ്ക്കും പേയ്മെന്റ് സേവനങ്ങൾക്കും മികച്ച വിലയിരുത്തൽ ലഭിച്ചെങ്കിലും ക്രെഡിറ്റിനോടുള്ള വിശ്വാസം താരതമ്യേന കുറവാണെന്ന് പഠനം കണ്ടെത്തി. കൂടുതൽ സുരക്ഷിതവും സുതാര്യവുമായ സേവനങ്ങളും വ്യത്യസ്ത വരുമാന സാഹചര്യങ്ങൾക്കനുസരിച്ചുള്ള വായ്പാ സൗകര്യങ്ങളും ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളുടെ വ്യാപനം വർധിപ്പിക്കാൻ നിർണായകമാകും.