ടൈറ്റൻ വാച്ചസിന് ഗിന്നസ് വേൾഡ് റെക്കോർഡ്
സാങ്കേതിക തികവിൻറെയും വിട്ടുവീഴ്‌ചയില്ലാത്ത കൃത്യതയുടെയും കരുത്തിൽ ടൈറ്റൻ വാച്ചസിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്.
കൊച്ചി: സാങ്കേതിക തികവിൻറെയും വിട്ടുവീഴ്‌ചയില്ലാത്ത കൃത്യതയുടെയും കരുത്തിൽ ടൈറ്റൻ വാച്ചസിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്. സമുദ്രത്തിനടിയിലെ കടുത്ത മർദ്ദത്തെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ലോകത്തിലെ ഏറ്റവും ആഴമേറിയ അണ്ടർവാട്ടർ പ്രൊഡക്റ്റ് ഫോട്ടോഷൂട്ട് വിജയകരമായി പൂർത്തിയാക്കിയാണ് മുൻനിര വാച്ച് നിർമ്മാതാക്കളായ ടൈറ്റൻ ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. ലിമിറ്റഡ് എഡിഷൻ ടൈറ്റൻ സീറോ അവർ 500 മീറ്റർ പ്രൊഫഷണൽ ഡൈവേഴ്‌സ് ഓട്ടോമാറ്റിക് വാച്ചുകളിലൊന്ന് ഉപയോഗിച്ച് 52.1 മീറ്റർ ആഴത്തിലാണ് ഈ ചരിത്ര നേട്ടം പൂർത്തിയാക്കിയത്.
തായ്‌ലൻഡിലെ ഫൂക്കറ്റിലുള്ള റാച്ച നോയ് ഐലൻഡിലെ സമുദ്രത്തിലാണ് ടൈറ്റൻ ഈ നേട്ടം കൈവരിച്ചത്. അഞ്ച് സർട്ടിഫൈഡ് ടെക്‌നിക്കൽ ഡൈവർമാരടങ്ങുന്ന സംഘമാണ് വാച്ചിൻറെ കൃത്യതയും പ്രകടനക്ഷമതയും തെളിയിക്കാനുള്ള ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. വെറും ഏഴ് മിനിറ്റിനുള്ളിൽ 50 മീറ്റർ പിന്നിട്ട്, പരമാവധി 52.1 മീറ്റർ ആഴത്തിൽ വരെ ഡൈവർമാർ എത്തി. സമുദ്രത്തിൻറെ യഥാർത്ഥ സാഹചര്യങ്ങളിൽ വെറും 20 മിനിറ്റ് സമയം കൊണ്ടാണ് അത്യാധുനിക ക്യാമറകൾ ഉപയോഗിച്ചുള്ള അണ്ടർവാട്ടർ ഫോട്ടോഷൂട്ട് ഡൈവർമാർ പൂർത്തിയാക്കിയത്.
ഇന്ത്യൻ വാച്ച് നിർമ്മാണ മേഖലയ്ക്ക് ലോകത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേദികളിൽ പോലും മത്സരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് 'സീറോ അവർ' വാച്ചുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡിൻറെ വാച്ചസ് ഡിവിഷൻ സിഇഒ കുരുവിള മാർക്കോസ് പറഞ്ഞു. ഐഎസ്ഒ 6425 കംപ്ലയൻസ്, പാഡി വാലിഡേഷൻ എന്നിവ മുതൽ ഇപ്പോൾ ലഭിച്ച ഗിന്നസ് വേൾഡ് റെക്കോർഡ് വരെ ടൈറ്റൻ കൈവരിച്ച ഓരോ നാഴികക്കല്ലും മികച്ച എഞ്ചിനീയറിംഗ്, നൂതനത്വം, കരകൗശലവിദ്യ എന്നിവയുടെ ഏകോപനത്തിലൂടെ പിന്നിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
'സീറോ അവർ', ടൈറ്റൻറെ ഡെഡിക്കേറ്റഡ് പെർഫോമൻസ് സ്പോർട്‌സ് വാച്ച് സബ് ബ്രാൻഡാണ്. ടൈറ്റൻ സീറോ അവർ കളക്ഷനിൽ പന്ത്രണ്ട് വാച്ചുകളാണ് ഉൾപ്പെടുന്നത്. 100 മീറ്റർ മുതൽ 500 മീറ്റർ വരെ ആഴത്തിലുള്ള ജലത്തെ പ്രതിരോധിക്കാൻ കഴിയുന്ന ഈ വാച്ചുകളുടെ വില 15,795 രൂപ മുതൽ 77,995 രൂപ വരെയാണ്. ടൈറ്റൻ വേൾഡ് സ്റ്റോറുകൾ, ലാർജ് ഫോർമാറ്റ് റീട്ടെയിൽ ഡെസ്റ്റിനേഷനുകൾ, പ്രീമിയം വാച്ച് റീട്ടെയിലർമാർ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്ക് പുറമെ www.titan.co.in എന്ന വെബ്സൈറ്റിലും ഈ വാച്ചുകൾ ലഭ്യമാണ്.