പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാലോ ? പരിഭ്രാന്തരാകേണ്ട; സാമ്പത്തികമായി പിടിച്ചുനില്‍ക്കാന്‍ ഈ മാര്‍ഗങ്ങള്‍
പെട്ടെന്നൊരു ദിവസം ജോലി നഷ്ടപ്പെടുന്നത് ആര്‍ക്കും എളുപ്പത്തിൽ താങ്ങാനാവുന്ന കാര്യമല്ല. കാരണം, വായ്പകളുടെ ഇഎംഐ, കുട്ടികളുടെ സ്‌കൂൾ ഫീസ്, വീട്ടിലെ ചിലവുകൾ എന്നിവ എല്ലാം ഒരുമിച്ച് പ്രതിസന്ധിയിലാകും. വരുമാനം നിലയ്ക്കുമ്പോൾ സ്വാഭാവികമായും ഭയം തോന്നും.
പെട്ടെന്നൊരു ദിവസം ജോലി നഷ്ടപ്പെടുന്നത് ആര്‍ക്കും എളുപ്പത്തിൽ താങ്ങാനാവുന്ന കാര്യമല്ല. കാരണം, വായ്പകളുടെ ഇഎംഐ, കുട്ടികളുടെ സ്‌കൂൾ ഫീസ്, വീട്ടിലെ ചിലവുകൾ എന്നിവ എല്ലാം ഒരുമിച്ച് പ്രതിസന്ധിയിലാകും. വരുമാനം നിലയ്ക്കുമ്പോൾ സ്വാഭാവികമായും ഭയം തോന്നും. എന്നാല്‍ ആദ്യത്തെ കുറച്ച് ആഴ്ചകളില്‍ നമ്മള്‍ എടുക്കുന്ന തീരുമാനങ്ങളാണ് ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്ന് നിശ്ചയിക്കുന്നത്.
അതുകൊണ്ട് പരിഭ്രാന്തരായി തീരുമാനങ്ങൾ എടുക്കാതെ, പുതിയൊരു ജോലി കിട്ടുന്നതുവരെ സാമ്പത്തികമായി എങ്ങനെ പിടിച്ചുനില്‍ക്കാമെന്ന് നോക്കാം.
കയ്യിലുള്ള സമ്പാദ്യം എത്രയെന്ന് ആദ്യം മനസ്സിലാക്കുക
ചെലവുകള്‍ ചുരുക്കുന്നതിന് മുമ്പ് കയ്യിലുള്ള സമ്പാദ്യം എത്രയാണെന്ന് കൃത്യമായി മനസ്സിലാക്കണം. ബാങ്ക് അക്കൗണ്ടിലെ പണം, എമര്‍ജന്‍സി ഫണ്ട്, മറ്റ് നിക്ഷേപങ്ങള്‍, കമ്പനിയില്‍ നിന്ന് ലഭിക്കാനുള്ള അവസാന സെറ്റില്‍മെന്റ് തുക എന്നിവ പരിശോധിക്കുക.
ഇനി ഈ തുക ഉപയോഗിച്ച് എത്ര നാള്‍ ജീവിക്കാന്‍ സാധിക്കുമെന്ന് കണക്കുകൂട്ടണം. വാടക, ഭക്ഷണം, വൈദ്യുതി, ഇന്‍ഷുറന്‍സ്, സ്‌കൂള്‍ ഫീസ്, ഇഎംഐ തുടങ്ങിയ അത്യാവശ്യ ചെലവുകള്‍ മാത്രം ഇതില്‍ ഉള്‍പ്പെടുത്തുക. ഇത് ഭയപ്പെടുത്താനല്ല, മറിച്ച് സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണ നേടാനാണ്.
അനാവശ്യ ചെലവുകള്‍ക്ക് ഉടന്‍ നിയന്ത്രണം
ജോലി പോയ ഉടനെ പലരും ചെയ്യുന്ന വലിയൊരു തെറ്റാണ് ചെലവുകള്‍ ചുരുക്കാന്‍ വൈകുന്നത്. ചെറിയ ചെലവുകള്‍ പോലും പിന്നീട് വലിയ ബാധ്യതയായി മാറാം. അതിനാല്‍ ആവശ്യമില്ലാത്ത സബ്‌സ്‌ക്രിപ്ഷനുകള്‍ ഉടന്‍ തന്നെ റദ്ദാക്കുക. വലിയ വാങ്ങലുകള്‍ താല്‍ക്കാലികമായി മാറ്റിവെക്കുക.
ഈ സമയത്ത് ചെലവ് കുറയ്ക്കുന്നത് ശിക്ഷയല്ല, മറിച്ച് ഒരു മുന്‍കരുതലാണ്.
പണം സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക
കയ്യില്‍ പണമുണ്ടെങ്കില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ അത് ആത്മവിശ്വാസം നല്‍കും. അതിനാല്‍ ഈ സമയത്ത് ദീര്‍ഘകാല നിക്ഷേപങ്ങളിലേക്കോ പെട്ടെന്ന് പണമാക്കി മാറ്റാന്‍ കഴിയാത്ത പദ്ധതികളിലേക്കോ പണം മാറ്റുന്നത് ഒഴിവാക്കുക. നിക്ഷേപങ്ങള്‍ പിന്‍വലിക്കേണ്ടിവന്നാല്‍ പോലും എല്ലാം ഒരുമിച്ച് പിന്‍വലിക്കാതിരിക്കുക.
വായ്പകള്‍ മുടങ്ങും മുമ്പ് ബാങ്കുമായി സംസാരിക്കുക
ഇഎംഐകളോ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയോ ഉണ്ടെങ്കില്‍ തിരിച്ചടവ് മുടങ്ങുന്നത് വരെ കാത്തിരിക്കരുത്. പല ബാങ്കുകളും ഇഎംഐ പുനഃക്രമീകരിക്കാനോ താല്‍ക്കാലികമായി തിരിച്ചടവ് മാറ്റിവെക്കാനോ സൗകര്യം നല്‍കാറുണ്ട്. തിരിച്ചടവ് മുടങ്ങിയാല്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. അതിനാല്‍ മുന്‍കൂട്ടി ബാങ്കുമായി ബന്ധപ്പെടുന്നത് നല്ലതാണ്.
എമര്‍ജന്‍സി ഫണ്ട് ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക
ഇത്തരം അടിയന്തര സാഹചര്യങ്ങള്‍ക്കായിട്ടാണ് എമര്‍ജന്‍സി ഫണ്ടുകള്‍. അതിനാല്‍ അത് ഉപയോഗിക്കാന്‍ മടിക്കേണ്ടതില്ല. എന്നാല്‍ മുഴുവന്‍ തുകയും ഒരുമിച്ച് ചെലവാക്കാതെ, ഓരോ മാസത്തേക്കും ആവശ്യമായത് മാത്രം ഉപയോഗിക്കുക.
പരിഭ്രാന്തിയില്‍ പുതിയ കടങ്ങള്‍ എടുക്കരുത്
ജോലി നഷ്ടപ്പെട്ട സമയത്ത് ക്രെഡിറ്റ് കാര്‍ഡുകളും ‘പേ ലേറ്റര്‍’ ആപ്പുകളും പേഴ്‌സണല്‍ ലോണുകളും വലിയ ആശ്വാസമായി തോന്നാം. എന്നാല്‍ ഇവ ഉയര്‍ന്ന പലിശയുള്ള കടക്കെണിയിലേക്കാണ് പലപ്പോഴും നയിക്കുന്നത്. സ്ഥിരമായ വരുമാനം ഉറപ്പില്ലാത്ത സമയത്ത് പുതിയ ബാധ്യതകള്‍ ഏറ്റെടുക്കാതിരിക്കുക.
താല്‍ക്കാലിക ജോലികള്‍ ചെയ്യാന്‍ മടിക്കേണ്ടതില്ല
നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ജോലി കിട്ടുന്നത് വരെ കാത്തിരിക്കേണ്ടതില്ല. ഫ്രീലാന്‍സ് ജോലികളോ കോണ്‍ട്രാക്ട് വര്‍ക്കുകളോ ലഭിച്ചാല്‍ സ്വീകരിക്കുക. ഇതിലൂടെ ലഭിക്കുന്ന ചെറിയ വരുമാനം പോലും സാമ്പത്തിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇത് ഒരു പിന്നോട്ടടി അല്ല, മറിച്ച് പ്രതിസന്ധി മറികടക്കാനുള്ള വഴിയാണ്.
മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുക
തൊഴില്‍ നഷ്ടം വലിയ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കാം. പലപ്പോഴും ഇത് തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കും. അതിനാല്‍ ചെലവുകള്‍ ട്രാക്ക് ചെയ്യാനും ജോലി അന്വേഷിക്കാനും ഒരു ചിട്ടയുള്ള പദ്ധതി തയ്യാറാക്കുക. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളോട് തുറന്ന് സംസാരിക്കുക. ഒറ്റയ്ക്ക് സമ്മര്‍ദ്ദം ഏറ്റെടുക്കാതെ എല്ലാവരും ചേര്‍ന്ന് പ്രതിസന്ധിയെ നേരിടുക.
ഇത് സ്ഥിരമായ സാഹചര്യമല്ല, ഒരു താല്‍ക്കാലിക പ്രതിസന്ധി മാത്രമാണ്. ഈ സമയത്ത് എടുക്കുന്ന തീരുമാനങ്ങളാണ് ഭാവിയെ ബാധിക്കുക. പരിഭ്രാന്തരാകാതെ ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍, സാമ്പത്തികമായി തളരാതെ തന്നെ ഈ ഘട്ടം മറികടന്ന് മികച്ചൊരു ജോലിയിലേക്ക് വീണ്ടും തിരികെ എത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.