വലിയ തകർച്ച...! ഓഹരി വിപണിയിൽ ഇടിവ്

 

 ആഗോള വിപണികളിലെ തിരിച്ചടികളെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണി ഇന്ന് വലിയ തകർച്ചയോടെയാണ് വ്യാപാരം ആരംഭിച്ചത്. രാവിലെ 11 മണിയോടെ സെൻസെക്സ് 766 പോയിന്റ് ഇടിഞ്ഞ് 75,267 എന്ന നിലയിലെത്തി. നിഫ്റ്റി 275 പോയിന്റിലധികം താഴ്ന്ന് 23,366 ലുമാണ് വ്യാപാരം നടത്തുന്നത്. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതും ആഗോളതലത്തിൽ നിക്ഷേപകർക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചതുമാണ് വിപണിയിലെ പെട്ടെന്നുള്ള ഈ തകർച്ചയ്ക്ക് പ്രധാന കാരണമായത്.

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയായേക്കാവുന്ന നിലവിലെ സംഘർഷങ്ങൾ ആഗോള എണ്ണ വിതരണത്തെ ബാധിക്കുമെന്ന ഭീതി ഉയർത്തുന്നുണ്ട്. ഇതിനകം തന്നെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നത് പണപ്പെരുപ്പ ഭീഷണി വർദ്ധിപ്പിച്ചിരിക്കുകയാണ്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനത്തോളം കടന്നുപോകുന്ന പാതയിലെ തടസ്സങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ആഗോള സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുമെന്നാണ് വിശകലന വിദഗ്ധരുടെ വിലയിരുത്തൽ.

ഭൂരിഭാഗം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉയർന്ന ഇന്ധനവില സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കും. എൽ ആൻഡ് ടി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ പ്രമുഖ ഓഹരികൾ ഇടിവ് രേഖപ്പെടുത്തിയപ്പോൾ വ്യോമയാനം, പെയിന്റ്, കെമിക്കൽ തുടങ്ങിയ മേഖലകളും സമ്മർദ്ദത്തിലാണ്. വിദേശ വിപണികളിലെ ചാഞ്ചാട്ടം തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും ഇന്ത്യൻ വിപണിയിൽ അസ്ഥിരത തുടരാൻ സാധ്യതയുണ്ട്.