സൗത്ത് ഇന്ത്യന്‍ ബാങ്കിന് ദേശീയ പുരസ്‌കാരം

 

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലേണിങ് ആന്റ് ഡെവലപ്‌മെന്റ് വിഭാഗത്തിന് നേതൃമികവിനുള്ള രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. വ്യക്തിഗത വിഭാഗത്തില്‍ ചീഫ് ലേണിങ് ഓഫീസര്‍ ഓഫ് ദി  ഇയര്‍, ഓർഗനൈസേഷനൽ വിഭാഗത്തിൽ മികവ് പുലര്‍ത്തിയ സ്ഥാപനം എന്നീ പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. നാഷനല്‍ അവാര്‍ഡ്‌സ് ഫോര്‍ ലീഡര്‍ഷിപ്പ് ആന്റ് എക്‌സലന്‍സ് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളാണിത്. ജീവനക്കാര്‍ക്കും സ്റ്റാഫിനും നല്‍കിയ പരിശീലനത്തിനും അവരുടെ നൈപുണ്യ വികസനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനുമുള്ള അംഗീകാരമാണ് ഈ പുരസ്‌കാരങ്ങള്‍. ജീവനക്കാരുടെ അറിവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ലേണിങ് ആന്റ് ഡെവലപ്‌മെന്റ് വിഭാഗം ബാങ്ക് വിപൂലീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോകോത്തര പരിശീലന പരിപാടികളാണ് ബാങ്ക് ജീവനക്കാര്‍ക്കായി നടപ്പിലാക്കിയത്. ബാങ്കിന്റെ ലേണിങ് ആന്റ് ഡെവലപ്‌മെന്റ് വിഭാഗം മേധാവിയായ രാജേഷ് രാജയെ ചീഫ് ലേണിങ് ഓഫീസര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തു.

ജീവനക്കാര്‍ക്ക് പുതിയ തൊഴില്‍ നൈപുണ്യം നേടാനും പുതിയ കോഴ്‌സുകള്‍ ചെയ്യാനുമുള്ള അവസരം ഒരുക്കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഈ ശ്രമങ്ങള്‍ക്ക് മികച്ച അംഗീകാരം ലഭിച്ചിരിക്കുകയാണെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് എച്ച് ആര്‍ ആന്റ് അഡ്മിന്‍ വിഭാഗം സീനിയര്‍ ജനറല്‍ മാനേജര്‍ ആന്റോ ജോര്‍ജ് പറഞ്ഞു.