സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടിയിൽ ഇടപെടാനില്ല : ലോക ബാങ്ക്
May 10, 2025, 18:54 IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിൽ ഇടപെടാനില്ലെന്ന് പാകിസ്ഥാനെ അറിയിച്ച് ലോകബാങ്ക്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ, സൈനിക വിഷയങ്ങളിൽ ഇടപെടാനില്ലെന്നും ഒരു സഹായി എന്നതിനപ്പുറം ഇക്കാര്യത്തിൽ ലോകബാങ്കിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ അറിയിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ ലോക ബാങ്ക് മധ്യസ്ഥത വഹിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അജയ് ബംഗ കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളെ ആക്രമിച്ച ഓപ്പറേഷൻ സിന്ദൂറിന് തൊട്ടടുത്ത ദിവസം നടന്ന അജയ് ബംഗയുടെ ഇന്ത്യൻ സന്ദർശനം മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.