സാംസങിന് 5150 കോടി പിഴ ചുമത്തി ഇന്ത്യ

 
samsung

ന്യൂഡല്‍ഹി: നികുതി ഒഴിവാക്കാന്‍ ടെലികോം അനുബന്ധ ഉപകരണങ്ങളുടെ ഇറക്കുമതി തെറ്റായി തരം മാറ്റിയതിന് സാംസങിനോട് 60.1 കോടി ഡോളര്‍ (5150 കോടി രൂപ) നികുതിയടക്കാന്‍ ഉത്തരവിട്ട് ഇന്ത്യ. മുകേഷ് അംബാനിയുടെ റിലയന്‍സിന് വേണ്ടിയാണ് സാംസങ് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തത്.

2021-ല്‍ സാംസങിന്റെ മുംബൈയിലെ ഓഫീസില്‍ വരുമാന നികുതി ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സാംസങിനെതിരെ അന്വേഷണം ആരംഭിച്ചത്. പരിശോധനയിൽ വിവിധ രേഖകളും, ഇമെയിലുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. കൂടാതെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

4ജി ടെലികോം നെറ്റ്‌വര്‍ക്കിന് വേണ്ടിയുള്ള റിമോട്ട് റേഡിയോ ഹെഡ് എന്ന ഉപകരണം ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കൊറിയയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമായി 78.4 കോടി ഡോളര്‍ (6717.63 രൂപ) മൂല്യമുള്ള യൂണിറ്റുകളാണ് നികുതി ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളതെന്ന് കാണിച്ച് നികുതി നല്‍കാതെ സാംസങ് ഇറക്കുമതി ചെയ്തത്. എന്നാല്‍ ഈ ഉപകരണങ്ങള്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ നികുതിക്ക് വിധേയമാണെന്ന് കണ്ടെത്തിയ കസ്റ്റംസ് അധികൃതര്‍ സാംസങ് മനപ്പൂര്‍വം രേഖകള്‍ മാറ്റിയതാണെന്ന് ആരോപിച്ചു.