ആശ്വസിക്കാം ; സവാളവില കുത്തനെ കുറഞ്ഞു
ആലപ്പുഴ: മാസങ്ങളായി കുത്തനെയുയര്‍ന്നിരുന്ന സവാളയുടെ വില കുറഞ്ഞു. ബുധനാഴ്ചത്തെ മൊത്തവ്യാപാരവിപണിയില്‍ കിലോയ്ക്ക് 22-28 രൂപയാണ് വില. സാധാരണയായി സെപ്റ്റംബര്‍-ഡിസംബര്‍ കാലയളവില്‍ സവാളവില വര്‍ധിക്കാറുണ്ട്. എന്നാല്‍, ഇത്തവണ കുറയുകയാണ് ചെയ്തത്.
കാലവര്‍ഷമഴയില്‍ കൃഷിക്കു നാശംവന്നതോടെ കിലോയ്ക്ക് 100 രൂപവരെ വില ഉയര്‍ന്നിരുന്നു. ഓണക്കാലത്തും 60-നു മുകളില്‍ വിലയുണ്ടായിരുന്നു. ആഭ്യന്തരവിപണിയില്‍ ഇന്ത്യന്‍ സവാളയുടെ ഡിമാന്‍ഡ് കുറഞ്ഞതും കയറ്റുമതിയില്‍ വന്‍ ഇടിവ് സംഭവിച്ചതുമാണ് വില കുറയാന്‍ കാരണം.
പച്ചക്കറികള്‍ മിക്കതിനും വിലകുറഞ്ഞു. പച്ചക്കറിലഭ്യത വര്‍ധിച്ചതും വിപണി ഇടപെടലുമാണ് വിലകുറയാന്‍ കാരണം. നീണ്ടനാളുകള്‍ക്കുശേഷം മിക്ക സാധനങ്ങള്‍ക്കും വിലകുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ജനം. കഴിഞ്ഞമാസം 300 രൂപയ്ക്കു മുകളില്‍ വിലയുണ്ടായിരുന്ന വെളുത്തുള്ളിയുടെ വിലയും 100-നു താഴെയായി. പൈനാപ്പിള്‍ സീസണ്‍ ആയതോടെ അതിന്റെ വിലയും കുറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലേക്കു കയറ്റിവിടുന്നതിന്റെ അളവു കുറഞ്ഞതിനാല്‍ നാട്ടില്‍ സുലഭമായി കിട്ടുന്നത് ഇതിന്റെ വിലയിടിവിനു കാരണമായി. എന്നാല്‍, ബീന്‍സ്, പയര്‍, ക്യാരറ്റ് തുടങ്ങിയവയുടെ വില മുന്‍പത്തെക്കാള്‍ കൂടുതലാണ്. 45 രൂപയായിരുന്ന പയറിന്റെ വില ബുധനാഴ്ച 60 രൂപയായി. ബീന്‍സ് 50-ല്‍നിന്ന് 70-ലെത്തി. ക്യാരറ്റ് 40 രൂപയായിരുന്നത് 55 ആയി.
ബുധനാഴ്ചത്തെ മൊത്തവ്യാപാരവിലയും സെപ്റ്റംബര്‍ മാസത്തിലെ ശരാശരി വിലയും
സവാള- 22 (60)
ഉള്ളി- 50 (80)
കിഴങ്ങ്- 38 (60)
വെളുത്തുള്ളി- 85 (380)
ഇഞ്ചി- 90 (100)
തക്കാളി- 28 (40)
പച്ചമുളക്- 45 (80)
ബീറ്റ്‌റൂട്ട്- 40 (40)
ക്യാരറ്റ്- 55 (100)
പയര്‍ - 60 (40)
വെണ്ട- 50 (32)
വെള്ളരി- 20 (40)
കുമ്പളം- 25 (40)
മത്തന്‍- 25 (40)
പടവലം-80 (60)
ഏത്തന്‍- 30 (50)
മുരിങ്ങയ്ക്ക- 55 (60)