വൺപ്ലസ് 15 ഇന്ത്യയിൽ നവംബർ 13-ന്  ലോഞ്ച് ചെയ്യും 

 

ചൈനീസ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ വൺപ്ലസ് 15 ഇന്ത്യയിൽ നവംബർ 13-ന് ലോഞ്ച് ചെയ്യാനിരിക്കുകയാണ്. ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ ഇന്ത്യൻ വില ചോർന്നു. ഐഫോൺ 17 സ്റ്റാൻഡേർഡ് മോഡലിന് ശക്തമായ മത്സരം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന വൺപ്ലസ് 15-ന് ഇന്ത്യയിൽ 65,000-ത്തിനും 75,000-ത്തിനും ഇടയിലായിരിക്കും വിലയെന്നാണ് റിപ്പോർട്ടുകൾ. ചൈനയിൽ ഇതിന്റെ അടിസ്ഥാന വേരിയന്റിന് ഏകദേശം 50,000 രൂപയാണ് വില. ഫോണിന്റെ വിലയടക്കമുള്ള മുഴുവൻ വിവരങ്ങളും നവംബർ 13-ന് രാത്രി 8 മണിക്ക് നടക്കുന്ന ഗ്ലോബൽ ലോഞ്ച് ഇവന്റിൽ മാത്രമാണ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റിലാണ് വൺപ്ലസ് 15 പുറത്തിറങ്ങുന്നത്. അടുത്ത തലമുറ ആൻഡ്രോയിഡ് അനുഭവം നൽകാൻ ലക്ഷ്യമിട്ടുള്ള ഈ ഫോൺ, ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻഒഎസ് 16 പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുക. ക്യാമറ വിഭാഗത്തിൽ വൺപ്ലസ് സ്വന്തമായി വികസിപ്പിച്ച ഡീറ്റൈൽമാക്‌സ് എഞ്ചിന്റെ പുത്തൻ സാങ്കേതികവിദ്യ അവതരിപ്പിക്കും. ഹാസ്സൽബ്ലാഡുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചാണ് ഈ മാറ്റം. ഫോണിൽ 50 മെഗാപിക്സലിന്റെ ട്രിപ്പിൾ-ക്യാമറ സജ്ജീകരണമാണ് ഉണ്ടാവുക.

പുതിയ വൺപ്ലസ് 15-ന് 165 ഹെർട്‌സ് റിഫ്രഷ് റേറ്റ് വരുന്ന 6.78 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉണ്ടാവുക. 7,300 എംഎഎച്ചിലേറെ ശേഷിയുള്ള വലിയ ബാറ്ററിയും ഇതിന്റെ സവിശേഷതയാണ്. കൂടാതെ, 120 വാട്ട്‌സ് സൂപ്പർ ഫ്ലാഷ് വയേർഡ് ചാർജിംഗ്, 50 വാട്ട്‌സ് വയർലെസ് ഫ്ലാഷ് ചാർജിംഗ് പിന്തുണയും ഫോണിനുണ്ടാകും. ഗെയിമിംഗിന് കൂടുതൽ പ്രാധാന്യം നൽകിയാണ് വൺപ്ലസ് 15 അണിയിച്ചൊരുക്കിയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.