ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു
ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുമായി രണ്ട് ടാങ്കറുകൾ ഇന്ത്യൻ തുറമുഖങ്ങളിലെത്തി. ഒഡിഷയിലെ പാരദീപ് തുറമുഖത്ത് 20 ലക്ഷം വീപ്പ എണ്ണയുമായി ‘ജയ’ എന്ന കപ്പലും
ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുമായി രണ്ട് ടാങ്കറുകൾ ഇന്ത്യൻ തുറമുഖങ്ങളിലെത്തി. ഒഡിഷയിലെ പാരദീപ് തുറമുഖത്ത് 20 ലക്ഷം വീപ്പ എണ്ണയുമായി ‘ജയ’ എന്ന കപ്പലും, ഗുജറാത്തിലെ സിക്ക തുറമുഖത്ത് ‘ഫെലിസിറ്റി’ എന്ന ടാങ്കറുമാണ് എത്തിയത്. 2019-ൽ അമേരിക്ക ഇറാനുമേൽ ഉപരോധം ഏർപ്പെടുത്തിയ ശേഷം ആദ്യമായാണ് ഇന്ത്യൻ കമ്പനികൾ ഇറാനിയൻ എണ്ണ വാങ്ങുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള എണ്ണവിതരണത്തിലുണ്ടായ തടസ്സങ്ങൾ കണക്കിലെടുത്ത് അമേരിക്ക നൽകിയ ഒരു മാസത്തെ ഇളവ് പ്രയോജനപ്പെടുത്തിയാണ് ഈ നീക്കം.
ഗുജറാത്തിലെ സിക്ക തുറമുഖത്തെത്തിയ എണ്ണ റിലയൻസും, പാരദീപിലെത്തിയത് ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമാണ് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ ഇറാനിയൻ തുറമുഖങ്ങൾ തടയുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനിലേക്കുള്ള ഇന്ധനനീക്കം തടയാൻ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയത് ആഗോളതലത്തിൽ വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷം മുറുകുന്നതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില വീണ്ടും 100 ഡോളറിന് മുകളിലെത്തി. നിലവിൽ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 102.30 ഡോളറിലും ഡബ്ല്യു.ടി.ഐ. ക്രൂഡ് 104.2 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. അമേരിക്കൻ സെൻട്രൽ കമാൻഡ് (സെന്റ്‌കോം) ഇറാൻ തീരങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടയുമെന്ന് അറിയിച്ചതോടെ ലോകം വൻ ഊർജപ്രതിസന്ധിയുടെ നിഴലിലാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ആഗോള ഇന്ധനനീക്കത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടാൽ ഇന്ധന ലഭ്യത കുത്തനെ കുറയുകയും എണ്ണവില വീപ്പയ്ക്ക് 150 ഡോളറിലേക്ക് വരെ ഉയരുകയും ചെയ്തേക്കാം. നിലവിൽ ഇന്ത്യയെയും ചൈനയെയും പോലുള്ള സുഹൃദ് രാജ്യങ്ങൾക്ക് മാത്രമാണ് ഇറാൻ ചരക്കുനീക്കത്തിന് അനുമതി നൽകുന്നത്. വരും ദിവസങ്ങളിൽ അമേരിക്കയുടെ നിലപാട് കർക്കശമായാൽ ഇത് ആഗോള സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.