ലിഥിയത്തിനും നിക്കലിനും ഇന്ത്യയിൽ പുതിയ കരുത്ത്; 2,814 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു

 

 ലിഥിയം, നിക്കൽ തുടങ്ങിയ നിർണായക ധാതുക്കളുടെ സംസ്കരണശേഷി രാജ്യത്ത് വർധിപ്പിക്കാൻ 2,814 കോടി രൂപയുടെ മൂലധനസഹായ പദ്ധതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററി സംഭരണം, ഇലക്ട്രോണിക്സ്, പ്രതിരോധം തുടങ്ങിയ മേഖലകൾക്ക് ആവശ്യമായ ധാതുക്കളുടെ ആഭ്യന്തര സംസ്കരണം ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അർഹമായ നിക്ഷേപത്തിന് 30 ശതമാനം വരെ മൂലധന സബ്സിഡി നൽകാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. രണ്ട് ലിഥിയം സംസ്കരണ പ്ലാന്റുകളും രണ്ട് നിക്കൽ സംസ്കരണ പ്ലാന്റുകളും സ്ഥാപിക്കുന്നതിന് സഹായം ലഭിക്കും. ലിഥിയം പ്ലാന്റുകൾക്ക് ഓരോന്നിനും 500 കോടി രൂപ വരെയും നിക്കൽ പ്ലാന്റുകൾക്ക് 900 കോടി രൂപ വരെയും പരമാവധി സഹായം ലഭിക്കാം.

നിർണായക ധാതുക്കളുടെ സംസ്കരണത്തിൽ ചൈനയ്ക്കുള്ള ആഗോള ആധിപത്യവും ഇന്ത്യയുടെ ഇറക്കുമതി ആശ്രയവും കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്. ആന്ധ്രപ്രദേശ്, ഒഡിഷ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് വിവിധ സംസ്കരണ കേന്ദ്രങ്ങൾ വികസിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്.