കൂടുതൽ പരിരക്ഷ ലഭ്യമാക്കുന്ന ഇൻഷുറൻസ് ആഡ് ഓണുകളോട് കേരളത്തിലെ വാഹന ഉടമകൾക്ക് താല്‌പര്യം ഏറുന്നു
സമഗ്ര പരിരക്ഷ നല്കുന്ന ഇൻഷുറൻസ് പോളിസികളോട് കേരളത്തിലെ വാഹന ഉടമകൾക്ക് താല്‌പര്യം ഏറുന്നു. ഇതോടൊപ്പം തന്നെ അധിക പരിരക്ഷ നല്‌കുന്ന ആഡ് ഓണുകളും കേരളത്തിലെ വാഹന ഉടമകൾ കൂടുതലായി തെരഞ്ഞെടുക്കുന്നു എന്നാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള പ്രവണത ചൂണ്ടിക്കാട്ടുന്നത്.
കൊച്ചി: സമഗ്ര പരിരക്ഷ നല്കുന്ന ഇൻഷുറൻസ് പോളിസികളോട് കേരളത്തിലെ വാഹന ഉടമകൾക്ക് താല്‌പര്യം ഏറുന്നു. ഇതോടൊപ്പം തന്നെ അധിക പരിരക്ഷ നല്‌കുന്ന ആഡ് ഓണുകളും കേരളത്തിലെ വാഹന ഉടമകൾ കൂടുതലായി തെരഞ്ഞെടുക്കുന്നു എന്നാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള പ്രവണത ചൂണ്ടിക്കാട്ടുന്നത്. റോഡ് അപകടങ്ങളേയും ബ്രേക്ക് ഡൗണുകളേയും കുറിച്ചുള്ള അവബോധ വർധനവാണ് ഇതിനു കാരണമെന്നാണ് ടാറ്റ എഐജിയുടെ സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൻറെ സവിശേഷമായ ഭൂപ്രകൃതി, ശക്തമായ മഴ, വർധിച്ച തോതിലെ നഗര ഗതാഗതം എന്നിവ ഇവിടെ ഏറെ പ്രസക്തവുമാണ്.
യാത്രയ്ക്കിടെ സഹായം, എഞ്ചിൻ സുരക്ഷ, ഡിപ്രീസിയേഷൻ റീ ഇമ്പേഴ്സ്മെൻറ് പരിരക്ഷ തുടങ്ങിയ അധിക പരിരക്ഷാ തെരഞ്ഞെടുപ്പുകൾ നടത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ തോതിൽ വർധിക്കുകയാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട തടസങ്ങൾ, അറ്റകുറ്റപ്പണിയുടെ ചെലവുകൾ തുടങ്ങിയവ ഇൻഷുറൻസ് പുതുതായി എടുക്കുമ്പോഴും പുതുക്കുമ്പോഴും വാഹന ഉടമകൾ കൂടുതലായി പരിഗണിക്കുന്നു എന്നതിൻറെ അടിസ്ഥാനത്തിലുള്ള ക്രിയാത്മക പ്രതിഫലനമാണ് ഇവിടെ ദൃശ്യമാകുന്നത്.
2023, 2025 സാമ്പത്തിക വർഷങ്ങൾക്കിടയിൽ കേരളത്തിൽ മഴയുമായി ബന്ധപ്പെട്ട ആഡ് ഓണുകൾ ഉൾപ്പെടുത്തിയ വാഹന ഇൻഷുറൻസ് പോളിസികളുടെ കാര്യത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്. കേരളത്തിലെ നഗരങ്ങൾക്കിടയിൽ കൊച്ചിയാണ് ഇങ്ങനെ മെച്ചപ്പെടുത്തിയ പരിരക്ഷകൾ കൂടുതലായി ഉൾപ്പെടുത്തുന്നത്. വൻതോതിൽ മഴയുണ്ടാകുന്നതും വെള്ളക്കെട്ട് അനുഭവപ്പെടുന്നതുമായ മേഖലകളിൽ അവബോധം വർധിക്കുന്നതാണ് ഇതിലൂടെ ഉയർത്തിക്കാട്ടപ്പെടുന്നത്.
കേരളത്തിലെ ഡ്രൈവിങ് സാഹചര്യങ്ങളിൽ വാഹന ഉടമകൾ തയ്യാറെടുപ്പോടെ ഇരിക്കേണ്ടതിൻറെ പ്രാധാന്യം വർധിക്കുകയാണെന്ന് ടാറ്റ എഐജി കൺസ്യൂമർ അണ്ടർറൈറ്റിങ് സീനിയർ വൈസ് പ്രസിഡൻറ് ദിനേശ് മൊസാംകർ പറഞ്ഞു. ശരിയായ ആഡ് ഓണുകളോടെ സമഗ്രമായ ഒരു വാഹന ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കുന്നത് ബ്രേക്ക് ഡൗണുകളും അറ്റകുറ്റപ്പണികളും മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും അപ്രതീക്ഷിത ഘട്ടങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കാനും വാഹന ഉടമകളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ റോഡ് സുരക്ഷാ കർമ പദ്ധതി പ്രകാരം സംസ്ഥാനത്തെ ദേശീയ, സംസ്ഥാന പാതകളിൽ 36 ശതമാനത്തിലേറെ അപകട സാധ്യത ഏറിയവയാണെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. ആയിരം പേർക്ക് 425 വാഹനങ്ങൾ എന്ന തോതിൽ രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കിലെ വാഹന ഉടമസ്ഥതയുള്ള ഇടവുമാണ് കേരളം.