ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയില്‍ വന്‍ ഇടിവ്

ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഈയാഴ്ച്ചയിലെ ഇറക്കുമതി 2,65,000 ടണ്ണായി കുറഞ്ഞു. മാര്‍ച്ച് 5-ലെ 3,22,000 ടണ്ണില്‍ നിന്നാണ് ഈ ഇടിവ് കാണാനാവുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഗ്യാസ് എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചു. എന്നാല്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതല്‍ സമയം എടുക്കുമെന്നതാണ് വലിയ പ്രതിസന്ധി.

പശ്ചിമേഷ്യയില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതി 89,000 ടണ്ണായി കുറഞ്ഞു. 2026 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണിത്. അതേസമയം മറ്റ് പ്രദേശങ്ങളില്‍ നിന്ന് വരുന്ന എല്‍പിജി 1,76,000 ടണ്ണായി ഉയര്‍ന്നു. പ്രധാനമായും അമേരിക്കയില്‍ നിന്നാണ് ഈയാഴ്ച്ച എല്‍പിജി ലഭിച്ചത്. മുന്‍ ആഴ്ചയില്‍ ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ 100%യും പശ്ചിമേഷ്യയില്‍ നിന്നായിരുന്നു. 2026ല്‍ ഇന്ത്യ ഏകദേശം 2.2 മില്യണ്‍ ടണ്‍ എല്‍പിജി അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി പശ്ചിമേഷ്യന്‍ രാജ്യങ്ങളെക്കാള്‍ കൂടുതലായി ഉയര്‍ന്നു.

അമേരിക്കയില്‍ നിന്ന് ചില എല്‍പിജി കപ്പലുകള്‍ ഇതിനകം രാജ്യത്ത് എത്തിയതായി പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുന്ന അത്രയും ലഭ്യമായോ എന്ന് വ്യക്തമല്ല. പ്രതിസന്ധി തുടരുന്നതിനാല്‍ റഷ്യ, ജപ്പാന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് എല്‍പിജി ഉറപ്പാക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വിതരണ തടസ്സം പരിഹരിക്കാന്‍ എണ്ണ റിഫൈനറികള്‍ മറ്റ് രാജ്യങ്ങളിലെ വിതരണക്കാരുമായി ചര്‍ച്ച നടത്തി വരികയാണ്.

പശ്ചിമേഷ്യയില്‍ നിന്ന് എല്‍പിജി ഇന്ത്യയിലെത്താന്‍ 7 മുതല്‍ 8 ദിവസമാണ് സമയെടുക്കുക. അമേരിക്കയില്‍ നിന്നാണെങ്കില്‍ ഏകദേശം 45 ദിവസം വേണ്ടിവരും. റഷ്യയില്‍ നിന്നും ജപ്പാനില്‍ നിന്നും വരുന്ന കപ്പലുകള്‍ക്ക് ഏകദേശം 35 മുതല്‍ 40 ദിവസവും വേണ്ടി വരുമെന്നതാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാകുന്നതിന് പ്രധാന കാരണം.