ഇന്ത്യ-അമേരിക്ക വ്യാപാര കരാർ രാജ്യത്തിന്റെ ഭാവി മാറ്റിക്കുറിക്കുന്ന ചരിത്ര നേട്ടം : പിയൂഷ് ഗോയൽ

 മാസങ്ങൾ നീണ്ട നയതന്ത്ര ചർച്ചകൾക്കൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. കരാർ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ
 

 മാസങ്ങൾ നീണ്ട നയതന്ത്ര ചർച്ചകൾക്കൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. കരാർ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കുമെന്നും രാജ്യത്തിന്റെ ഭാവി വികസനത്തിന് വൻ ഉത്തേജനം നൽകുമെന്നും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു സന്തോഷദിനമാണെന്നും മറ്റ് അയൽരാജ്യങ്ങളെ അപേക്ഷിച്ച് മികച്ച നിബന്ധനകളോടെയുള്ള കരാറാണ് ഇന്ത്യ നേടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്ന ഈ സുപ്രധാന കരാറിന്റെ വിശദാംശങ്ങൾ പാർലമെന്റിൽ വിശദീകരിക്കാൻ സർക്കാർ ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ തുടർച്ചയായ ബഹളവും തടസ്സപ്പെടുത്തലുകളും കാരണം അതിന് സാധിച്ചില്ലെന്ന് മന്ത്രി പിയൂഷ് ഗോയൽ കുറ്റപ്പെടുത്തി. രാജ്യത്തിന് ഗുണകരമായ ഒരു നേട്ടത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും പ്രതിപക്ഷം അനുവദിക്കാത്തത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

താരിഫുകൾ കുറഞ്ഞതോടെ ഇന്ത്യൻ തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തൽ. റഷ്യൻ എണ്ണ വാങ്ങലിന്മേലുള്ള അധിക ലെവി ഒഴിവാക്കിയതും ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് കരുത്ത് പകരും. മോദി സർക്കാരിന്റെ തന്ത്രപരമായ നയതന്ത്രം ആഗോള വിപണിയിൽ ഇന്ത്യയുടെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ഈ കരാർ.