എയര്‍ കാര്‍ഗോ വ്യവസായത്തിന്‍റെ വെല്ലുവിളികളും ഭാവി നവീകരണങ്ങളും ചര്‍ച്ച ചെയ്ത് ഐബിഎസ് കാര്‍ഗോ ഫോറം
എയര്‍ കാര്‍ഗോ വ്യവസായം നേരിടുന്ന വെല്ലുവിളികളും ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട ഭാവി നവീകരണങ്ങളും ചര്‍ച്ച ചെയ്ത് ഐബിഎസ് കാര്‍ഗോ ഫോറത്തിന്‍റെ (ഐസിഎഫ്) 23-ാം പതിപ്പ് ബെംഗളൂരുവില്‍ നടന്നു.
തിരുവനന്തപുരം: എയര്‍ കാര്‍ഗോ വ്യവസായം നേരിടുന്ന വെല്ലുവിളികളും ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട ഭാവി നവീകരണങ്ങളും ചര്‍ച്ച ചെയ്ത് ഐബിഎസ് കാര്‍ഗോ ഫോറത്തിന്‍റെ (ഐസിഎഫ്) 23-ാം പതിപ്പ് ബെംഗളൂരുവില്‍ നടന്നു. വ്യവസായ പ്രമുഖരെയും സാങ്കേതിക വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരാനും ഫലപ്രദമായ ആശയങ്ങള്‍ രൂപപ്പെടുത്താനും മൂന്ന് ദിവസത്തെ സമ്മേളനത്തിനായി. നവംബര്‍ 19 മുതല്‍ 21 വരെ ബെംഗളൂരിലെ മാരിയറ്റ് ഹോട്ടലിലാണ് ഫോറം നടന്നത്.
ഉപഭോക്താക്കളും വ്യവസായ പ്രമുഖരും അടങ്ങുന്ന ഐസിഎഫ് കമ്മ്യൂണിറ്റി എയര്‍ കാര്‍ഗോ വ്യവസായത്തിന്‍റെ ഭാവി മാര്‍ഗരേഖ രൂപപ്പെടുത്തുന്നതിനുള്ള അഭിപ്രായങ്ങള്‍ പങ്കുവച്ചു. ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ നിലവിലുള്ള ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളും ഐകാര്‍ഗോ പ്ലാറ്റ് ഫോമിലെ വരാനിരിക്കുന്ന നവീകരണങ്ങളും പരിപാടിയില്‍ പരിചയപ്പെടുത്തി. ഡിജിറ്റല്‍ ടൂളുകള്‍ പ്രയോജനപ്പെടുത്തി എയര്‍ കാര്‍ഗോ വ്യവസായം കൂടുതല്‍ ഫലപ്രദമാക്കുന്നതിനും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇതുവഴി ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഐകാര്‍ഗോ പ്ലാറ്റ് ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
എയര്‍ കാര്‍ഗോ വ്യവസായത്തിലെ പങ്കാളിത്തവും സഹകരണം കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. ഐകാര്‍ഗോ ടൂളുകളുടെ പ്രയോഗങ്ങളെക്കുറിച്ച് വ്യവസായ വിദഗ്ധരുടെ നേതൃത്വത്തിലുള്ള വര്‍ക്ക് ഷോപ്പുകളും ഉപഭോക്തൃ കമ്മ്യൂണിറ്റി സെഷനുകളും നടന്നു. എയര്‍ കാര്‍ഗോ ടെക്നോളജിയിലെ അടുത്ത തലമുറ സാങ്കേതികവിദ്യകളും നൂതനാശയങ്ങളും, അനലിറ്റിക്സ് ടൂളുകളിലെ വികസനം, ഡാറ്റ അനലിറ്റിക്സ് എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങളെ എങ്ങനെ മാറ്റുന്നു, ഐഎടിഎ വണ്‍ റെക്കോര്‍ഡ് സ്റ്റാന്‍ഡേര്‍ഡും എയര്‍ കാര്‍ഗോയുടെ ഭാവിയിലേക്കുള്ള അതിന്‍റെ പ്രത്യാഘാതങ്ങളും, വണ്‍ റെക്കോര്‍ഡ് സ്റ്റാന്‍ഡേര്‍ഡിനെ ഐബിഎസ് എങ്ങനെ പിന്തുണയ്ക്കുന്നു തുടങ്ങിയ വിഷയങ്ങള്‍ സെഷനുകളില്‍ ചര്‍ച്ചചെയ്തു.
എയര്‍ കാര്‍ഗോ കമ്മ്യൂണിറ്റിയിലെ നവീകരണത്തിനും സഹകരണത്തിനുമുള്ള ഐബിഎസിന്‍റെ പ്രതിബദ്ധതയാണ് കാര്‍ഗോ ഫോറം അടിവരയിടുന്നതെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ സിഇഒ സോമിത് ഗോയല്‍ പറഞ്ഞു. പ്രമുഖ ആഗോള, ആഭ്യന്തര എയര്‍ലൈനുകളില്‍ നിന്നുള്ള മുന്‍നിരക്കാരെയും ഉപദേശകരെയും ഒരുമിച്ച് കൊണ്ടുവരാന്‍ സാധിച്ചതിലൂടെ കാര്‍ഗോ വ്യവസായം നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും കാര്യക്ഷമവും സുസ്ഥിരവുമായ ഭാവിയിലേക്ക് വഴിയൊരുക്കാനും ഫോറത്തിനായി. ഐകാര്‍ഗോ പ്ലാറ്റ് ഫോമിലേക്കും എയര്‍ കാര്‍ഗോ വ്യവസായത്തിലും ഐബിഎസ് നടപ്പാക്കുന്ന നൂതന സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ എയര്‍ കാര്‍ഗോ വ്യവസായത്തിന്‍റെ ഡിജിറ്റല്‍ ഭാവിക്ക് വലിയ തോതില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐബിഎസ് കാര്‍ഗോ ഫോറത്തിനു കീഴിലുള്ള എയര്‍ലൈനുകളുടെയും നടത്തിപ്പുകാരെയും മുഴുവന്‍ ഐകാര്‍ഗോ ഉപഭോക്തൃ സമൂഹത്തെയും ഒന്നിച്ചു കൊണ്ടുവരാനും നേരിട്ടുള്ള ആശയവിനിമയവും ഇടപഴകലും സാധ്യമാക്കുന്നതിനുള്ള അവസരമാണ് ഐസിഎഫ് ഒരുക്കുന്നതെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്‍റും കാര്‍ഗോ ആന്‍ഡ് ലോജിസ്റ്റിക്സ് സൊല്യൂഷന്‍സ് മേധാവിയുമായ അശോക് രാജന്‍ അഭിപ്രായപ്പെട്ടു. എയര്‍ കാര്‍ഗോ വ്യവസായങ്ങള്‍ക്കായുള്ള ഡിജിറ്റല്‍ ടൂളുകളുടെ ഭാവി രൂപപ്പെടുത്തുന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ഓരോ ആറു മാസവും ചേരുന്ന ഐസിഎഫ് വേദിയൊരുക്കുന്നു. നിലവില്‍ ഐബിഎസിന്‍റെ ഐകാര്‍ഗോ ലോകത്തിലെ എയര്‍ കാര്‍ഗോയുടെ 50 ശതമാനം കൈകാര്യം ചെയ്യുന്നു. ഈ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്നതിനും സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഐബിഎസ് പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
36 ആഗോള എയര്‍ലൈനുകളും ഹാന്‍ഡ് ലര്‍മാരും എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ഐകാര്‍ഗോ പ്ലാറ്റ് ഫോം പ്രയോജനപ്പെടുത്തുന്നുണ്ട്. എയര്‍ലൈനുകളുടെ പ്രവര്‍ത്തനം, ഹാന്‍ഡ് ലിങ്, വില്‍പ്പന, എയര്‍ മെയില്‍, റവന്യൂ മാനേജ്മെന്‍റ് തുടങ്ങി എയര്‍ കാര്‍ഗോ പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും പ്ലാറ്റ് ഫോമിന്‍റെ പങ്ക് അവിഭാജ്യമാണ്.
2012 ല്‍ തുടക്കമിട്ട ഐബിഎസ് കാര്‍ഗോ ഫോറം വര്‍ഷത്തില്‍ രണ്ടുതവണ നടക്കുന്നു. ബെംഗളൂരുവില്‍ നടന്ന പരിപാടിയില്‍ ഉപഭോക്താക്കളും ഐബിഎസ് സോഫ്റ്റ് വെയര്‍ ജീവനക്കാരുമടക്കം 200-ലധികം പ്രതിനിധികള്‍ പങ്കെടുത്തു. പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് IBS Software - Air Freight Software സന്ദര്‍ശിക്കുക.