ഇന്ധന വിപണനത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി എച്ച്പിസിഎൽ

പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് മുൻവർഷത്തെ അപേക്ഷിച്ച് മേയ് മാസത്തിൽ മികച്ച ഇന്ധന വിപണന വളർച്ച കൈവരിച്ചു.

 

മുംബൈ: പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് മുൻവർഷത്തെ അപേക്ഷിച്ച് മേയ് മാസത്തിൽ മികച്ച ഇന്ധന വിപണന വളർച്ച കൈവരിച്ചു. മേയ് മാസത്തിലെ ആകെ റീട്ടെയ്ൽ ഇന്ധന വിൽപ്പന മുൻവർഷത്തെ 2,661 ടിഎംടിയിൽ (തൗസൻഡ് മെട്രിക് ടണ്ണുകൾ) നിന്ന് 6.4% വളർച്ചയോടെ 2,832 ടിഎംടി ആയി ഉയർന്നു. പെട്രോൾ വിൽപ്പനയിൽ 3.4 ശതമാനവും ഡീസൽ വിൽപ്പനയിൽ 8 ശതമാനവും വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.

കാർഷിക ആവശ്യങ്ങൾ വർദ്ധിച്ചതാണ് ഡീസൽ വിൽപ്പനയിലെ ഈ വലിയ മുന്നേറ്റത്തിന് പ്രധാന കാരണം. മേയ് മാസത്തിൽ മാത്രം 12.84 ലക്ഷം കിലോ ലിറ്റർ പെട്രോളും 21.48 ലക്ഷം കിലോ ലിറ്റർ ഡീസലും കമ്പനി വിതരണം ചെയ്‌തു. എൽപിജി വിഭാഗത്തിൽ 393 ലക്ഷം സിലിണ്ടറുകളാണ് ഈ കാലയളവിൽ എച്ച്പിസിഎൽ ഉപഭോക്താക്കളിൽ എത്തിച്ചത്. ഇതിൽ 99.30 ശതമാനം സിലിണ്ടർ ബുക്കിംഗും ഓൺലൈൻ വഴിയാണ് നടന്നത്. രാജ്യത്തുടനീളം തടസ്സമില്ലാതെ ഇന്ധനവും എൽപിജി സിലിണ്ടറുകളും ലഭ്യമാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.