സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ ഇടിവ് തുടരുന്നു.

 
Gold prices drop in the state

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന് 240 രൂപ കുറഞ്ഞ് 65,480 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 8,185 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 65,720 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില.

മാർച്ച് 18നാണ് സ്വർണവില 66,000 തൊട്ടത്. തുടർന്ന് മാർച്ച് 20ന് 66,480 രൂപയിലെത്തി പുതിയ ഉയരം കുറിച്ചു. മാർച്ച് 21ന് 66,160 രൂപയിലേക്കും 22ന് 65,840 രൂപയിലേക്കും എത്തിയ സ്വർണവില തിങ്കളാഴ്ച 65,720 രൂപയിലേക്ക് വീണ്ടും താഴ്ന്നു.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ, വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യക്കാർ കുറഞ്ഞിട്ടില്ല.

സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്.