സ്വർണവില കുത്തനെ ഇടിഞ്ഞു
കൊച്ചി : തുടർച്ചയായി രണ്ടാം ദിവസവും സ്വർണവില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി വെവ്വേറെ വിലനിലവാരത്തിൽ വിപണനം നടത്തിയിരുന്ന കേരളത്തിലെ രണ്ട് സ്വർണവ്യാപാരി സംഘടനകളും ഇന്ന് ഒരേവിലയാണ് പ്രഖ്യാപിച്ചത്. ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമാണ് ഇന്നത്തെ വില.
കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ നേതൃത്വം നൽകുന്ന ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (ജി.എസ്.എം.എ) ഇന്ന് ഗ്രാമിന് 265 രൂപയും പവന് 2120 രൂപയുമാണ് കുറച്ചത്. ഇന്നലെ വൈകീട്ട് 1,02,000 രൂപയായിരുന്നു ഇവരുടെ വില.
ഭീമ ഗോവിന്ദൻ, ജസ്റ്റിൻ പാലത്ര എന്നിവർ നേതൃത്വം നൽകുന്ന ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) ഇന്ന് ഗ്രാമിന് 230 രൂപയും പവന് 1,840 രൂപയും കുറച്ചു. ഇന്നലെ വൈകീട്ട് ഗ്രാമിന് 12765രൂപയും പവന് 1,02,120 രൂപയുമായിരുന്നു ഇവരുടെ വില.
രണ്ടുദിവസം കൊണ്ട് ജി.എസ്.എം.എ ഗ്രാമിന് 460 രൂപയും പവന് 3,680 രൂപയും കുറച്ചു. അതേസമയം, എ.കെ.ജി.എസ്.എം.എ ഗ്രാമിന് 520 രൂപയും പവന് 4,160 രൂപയും കുറച്ചു.