ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന് സെപ്റ്റംബര്‍ 27 മുതല്‍ തിരുവനന്തപുരത്ത് തുടക്കമാകും

 

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകുന്ന പ്രമുഖ ട്രേഡ് ഷോയായ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് സെപ്റ്റംബര്‍ 27 മുതല്‍ 30 വരെ
തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ടൂറിസം രംഗത്തെ സമസ്തമേഖലകളെയും ഉള്‍ക്കൊള്ളിച്ചു
കൊണ്ട് ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമായി ആയിരത്തോളം ട്രാവല്‍ കമ്പനി പ്രതിനിധികളും, ടൂറിസം രംഗത്തെ പ്രൊഫഷണലുകളും ഭാഗമാകുന്ന മേള മികച്ച ഒരു അവസരമാകുമെന്നത് ഉറപ്പാണ്. കൂടാതെ കോര്‍പ്പറേറ്റ് രംഗത്തുള്ള പ്രൊഫഷണലുകളുടെ സംഗമവും ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

ഇന്ത്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലയായി മാറിക്കഴിഞ്ഞു. എക്‌സ്പീഡിയയുടെ റിപ്പോര്‍ട്ട് പ്രകാരം 2025 ഓടെ ഇന്ത്യയില്‍ നിന്ന് 13.9 ദശലക്ഷം വിനോദ യാത്രകള്‍ പ്രതീക്ഷിക്കുന്നു, ഇത് 19.4 ദശലക്ഷം ഇന്ത്യന്‍ സന്ദര്‍ശകരെ വിദേശത്തേക്ക് എത്തിക്കുന്നു. ടയര്‍ II, ടയര്‍ III
നഗരങ്ങള്‍ ഈ വളര്‍ച്ചയില്‍ വലിയ സംഭാവന നല്‍കുമെന്നാണ് കണക്ക് കൂട്ടല്‍ . വിദേശ യാത്രകളില്‍ 26% ബിസിനസ്സ് യാത്രകളാണ്, ഇത് ഇന്ത്യയെ
ആഗോളതലത്തില്‍ ഏറ്റവും വലിയ ബിസിനസ്സ് ട്രാവല്‍ മാര്‍ക്കറ്റുകളിലൊന്നാക്കി മാറ്റുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യന്‍ ഔട്ട്ബൗണ്ട് ടൂറിസം വിപണി 2024-ഓടെ 42 ബില്യണ്‍ യുഎസ് ഡോളറും 2025-ഓടെ 45 ബില്യണ്‍ യുഎസ് ഡോളറും കവിയുമെന്ന് കണക്കാക്കപ്പെടുന്നു. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം ബോര്‍ഡുകള്‍, ഹോട്ടല്‍ സപ്ലൈസ് എന്നിവരുടെ 200 ഓളം സ്റ്റാളുകള്‍ മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.

ലോക വിനോദസഞ്ചാര ദിനമായ സെപ്റ്റംബര്‍ 27ന് വൈകുന്നേരം കോവളം ലീല റസിഡന്‍സിയില്‍ വെച്ചായിരിക്കും ട്രാവല്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നടക്കുക. സെപ്തംബര്‍ 28 നും 29 നും 30 നും എക്‌സിബിഷനു പുറമെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ദ്ധരുടെ സെമിനാറുകളും പ്രസന്റേഷനുകളും നടക്കും. ടവാസ് വെഞ്ചേഴ്‌സിന്റെ നേതൃത്വത്തില്‍ സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം, സൗത്ത് ഇന്‍ഡ്യ ഹോട്ടല്‍സ് ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍, കേരള ടൂറിസം, കേരള ടൂറിസം ഡവലപ്‌മെന്റ് അസോസിയേഷന്‍, തിരുവനന്തപുരം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി എന്നിവയുടെ നേതൃത്വത്തിലാണ് ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നത്.

തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിവിധ ടൂറിസം പാക്കേജുകള്‍ വിവിധ ട്രാവല്‍ കമ്പനികള്‍ അവതരിപ്പിക്കും. യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും
യാത്രകള്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു മികച്ച അവസരമാണ് ഇതുവഴി ഒരുങ്ങുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.gtmt.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് gtmt2023@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.